panmana-
പന്മന ഗ്രാമപഞ്ചായത്തിൽ മുട്ടഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി നിർവഹിക്കുന്നു

ചവറ: പന്മന പഞ്ചായത്തിൽ സി.ഡി.എസ് മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷനും പന്മന സി.ഡി.എസും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് മുട്ട ഗ്രാമം. 5,25,000 രൂപയാണ് പദ്ധതി വിഹിതം. കുടുംബശ്രീ മിഷന്റെ സബ്സിഡിയും ലഭിക്കും. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. മുമ്പ് 45 വനിതകൾക്ക് രണ്ട് പശുക്കളെ വീതം നൽകി ക്ഷീരസാഗരം പദ്ധതി നടപ്പാക്കിയിരുന്നു. 25 വനിതകൾക്ക് നാല് ആട്ടിൻകുട്ടികളെ വാങ്ങി നല്കി ആട് ഗ്രാമം പദ്ധതിയും നടപ്പാക്കിയിരുന്നു.

35 വനിതകൾക്കാണ് മുട്ടഗ്രാമം പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്.

എല്ലാവർക്കും ഒരു ഹൈടെക് കോഴി കൂടും കോഴികളും 50 കിലോ തീറ്റയും ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിത് രഞ്ച് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എസ്. ഉഷാറാണി പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ഡോ. ഹാഷിമ, മെമ്പർ സെക്രട്ടറി ഹരികുമാർ, പഞ്ചായത്ത് സൂപ്രണ്ട് എസ്. സജി, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ മായാദേവി തുടങ്ങിയവർ സംസാരിച്ചു.