കൊട്ടാരക്കര: ലൈബ്രറി കൗൺസിൽ ജില്ലാ ഭാരവാഹിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയിൽ വാക്കേറ്റവും പോർവിളിയും. തിങ്കളാഴ്ച വൈകിട്ട് കൊട്ടാരക്കരയിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ എക്സി. യോഗത്തിലാണ് സംഭവം. സംസ്ഥാന നേതാക്കളായ കെ.ആർ.ചന്ദ്രമോഹനനും ജെ.ചിഞ്ചുറാണിയും ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എയും അടക്കമുള്ളവർ പങ്കെടുത്ത യോഗമാണ് കലുഷിതമായത്. ഒടുവിൽ ജില്ലാ സെക്രട്ടറി ഇടപെട്ട് തീരുമാനമെടുക്കാതെ യോഗം പിരിച്ചുവിടുകയായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി നടന്ന ചർച്ചയാണ് ബഹളത്തിൽ കലാശിച്ചത്. രണ്ട് പതിറ്റാണ്ടായി ഡി.സുകേശനാണ് സെക്രട്ടറി സ്ഥാനത്ത്. വീണ്ടും സുകേശനെ സെക്രട്ടറിയാക്കണമെന്ന തരത്തിൽ കാനം പക്ഷക്കാരുടെ ഭാഗത്ത് നിന്ന് നിർദ്ദേശമുണ്ടായപ്പോൾ മറുപക്ഷം ശക്തമായി എതിർത്തു. അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറി കൂടിയാണ് ഡി.സുകേശൻ. മുല്ലക്കര രത്നാകരനാണ് സുകേശൻ തുടരട്ടെയെന്ന് ആദ്യം നിർദ്ദേശം വച്ചത്. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ എക്സി. അംഗവുമായ ആർ.വിജയകുമാറും കെ.ശിവശങ്കര പിള്ളയും ഇതിനെ പിൻതാങ്ങി. എന്നാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ എതിർപ്പുമായി എണീറ്റപ്പോൾ ജില്ലാ അസി.സെക്രട്ടറി പി.എസ്.സുപാലും എക്സി. കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും വേണുഗോപാലിന്റെ അഭിപ്രായത്തോട് യോജിച്ചു. രണ്ട് പതിറ്റാണ്ടായി ജില്ലാ സെക്രട്ടറി സ്ഥാനത്ത് സുകേശൻ തുടരുമ്പോഴും പാർട്ടിക്ക് പ്രത്യേകിച്ച് ഗുണമുണ്ടാകുന്നില്ലെന്നായിരുന്നു മറു വിഭാഗത്തിന്റെ വാദം. പുതിയ

ഒരാളെ സെക്രട്ടറിയാക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റി അംഗം ആർ.രാജേന്ദ്രനും പി.എസ്.സുപാലും തമ്മിലുണ്ടായ തർക്കത്തിനിടെ 'വാടാ പോടാ' വിളിയുണ്ടായതോടെ പാർട്ടി ഓഫീസിനുള്ളിൽ നിന്നുള്ള ബഹളം റോഡിൽ നിൽക്കുന്നവരുടെ ശ്രദ്ധയിലുമെത്തി. പാർട്ടി ഓഫീസിന് പുറത്ത് ജനം തടിച്ചുകൂടാൻ തുടങ്ങിയതോടെയാണ് മുല്ലക്കര രത്നാകരൻ ഇടപെട്ട് യോഗം പിരിച്ചുവിട്ടത്. ഡി.സുകേശൻ, ഉഷാകുമാരി, എ.എസ്.ഷാജി, ഡോ.വള്ളിക്കാവ് മോഹൻദാസ് എന്നിവരെയാണ് ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. കമ്മിറ്റിയിലേക്ക് നേരത്തേ തന്നെ പാർട്ടി നിർദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാന ലൈബ്രറി കൗൺസിലിലേക്ക് പത്തനാപുരത്ത് നിന്ന് വേണുഗോപാലും കുന്നത്തൂരിൽ നിന്ന് ചവറ കെ.എസ്.പിള്ളയും പുനലൂരിൽ നിന്ന് എം.സലിമിനെയും നിശ്ചയിച്ചിരുന്നു. ഇന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. നിശ്ചയിച്ചിട്ടുള്ളവർ ഇന്ന് പത്രിക നൽകും. മാർച്ച് 3 നാണ് ഭാരവാഹി തിരഞ്ഞെടുപ്പ്. ഇടത് മുന്നണി ധാരണപ്രകാരം ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് സി.പി.ഐയ്ക്ക് ലഭിക്കുക. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ മാർച്ച് 3 ന് മുൻപായി വീണ്ടും ജില്ലാ എക്സി. കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. ഡി.സുകേശന്റെ പേര് വീണ്ടും ഔദ്യോഗിക പക്ഷം കൊണ്ടുവരുമെങ്കിലും എ.എസ്.ഷാജിയുടെ പേരാണ് മറുവിഭാഗം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിലും അസി.സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പിലും ഏറ്റവും ഒടുവിൽ കൊല്ലം മേയർ തിരഞ്ഞെടുപ്പിലും കൊല്ലത്ത് കടുത്ത വിഭാഗീയത പ്രകടമായിരുന്നു. തർക്കത്തെ തുടർന്നായിരുന്നു മുല്ലക്കര രത്നാകരനെ സെക്രട്ടറിയായി താത്കാലികമായി നിശ്ചയിച്ചത്. അസി.സെക്രട്ടറിമാരുടെ കാര്യത്തിൽ തിര‌‌ഞ്ഞെടുപ്പ് വേണ്ടിവന്നു. മേയർ തിരഞ്ഞെടുപ്പിൽ കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് ജില്ലാ എക്സിക്യുട്ടീവ് തീരുമാനത്തെ മറികടന്ന് സംസ്ഥാന നേതൃത്വമാണ് അവസാനനിമിഷം ഹണിബഞ്ചമിനെ മേയറാക്കാൻ നിർദ്ദേശിച്ചത്. കാനത്തെ അനുകൂലിക്കുന്നവരും വിരുദ്ധപക്ഷവും തമ്മിലുള്ള തർക്കം ഏറ്റവും കൂടുതൽ നടന്നുവരുന്ന ജില്ലയാണ് കൊല്ലം.