കുണ്ടറ: റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ കാറിടിച്ച് മരിച്ചു. കരിക്കോട് പഴയ ബസ് സ്റ്റാൻഡിന് സമീപം അംബികാവിലാസം വീട്ടിൽ ബി. മധുസൂദനൻ പിള്ളയാണ് (62) മരിച്ചത്. ഇന്നലെ രാവിലെ ആറോടെ കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കേരളപുരം വർക് ഷോപ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഭാര്യയുമായി പിണങ്ങി വർഷങ്ങളായി കേരളപുരം നാട്ടുവാതുക്കൽ ചുടുവാതുക്കലിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. കരിക്കോട് നിന്ന് ഇവിടേക്ക് നടന്നുപോവുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ മധുസൂദനൻ പിള്ളയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുണ്ടറ പൊലീസ് കേസെടുത്തു.