500ന്റെയും 200ന്റെയും നോട്ടുകൾ കണ്ടെത്തി
ചാത്തന്നൂർ: പാലക്കാട് മങ്കരയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ രഞ്ജിത്തിന്റെ കൊല്ലം ചാത്തന്നൂരിലുള്ള വീട്ടിൽ പാലക്കാട് മങ്കര പൊലീസ് റെയ്ഡ് നടത്തി. കള്ളനോട്ടുകളും നിർമ്മിക്കാനുപയോഗിച്ച മെഷിനറികളും കണ്ടെടുത്തു. മങ്കര പൊലീസ് കോടതിയിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി ചാത്തന്നൂർ പൊലീസിന്റെ അകമ്പടിയോടെയാണ് കണ്ണേറ്റയിലുള്ള രഞ്ജിത്തിന്റെ വീട്ടിലെത്തിയത്.
വീട് പൂട്ടിക്കിടന്നിരുന്നതിനാൽ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീദേവിയുടെയും സാന്നിദ്ധ്യത്തിൽ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്. പരിശോധനയിൽ കിടക്കമുറിയിൽ കട്ടിലിന്റെ അടിയിൽ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ 500 ന്റെ 53 ഓളവും 200 ന്റെ 122 ഓളവും നോട്ടുകൾ കണ്ടെത്തി. കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, പ്രിന്റർ, പേപ്പർ കട്ടിംഗ് മെഷീൻ, പേപ്പർ, ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും അച്ചടിച്ച പ്രിന്റുകൾ എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പാലക്കാട് പത്തിരിപാറയിൽ കടകളിൽ നിന്ന് നോട്ട് മാറുന്നതിനിടയിലാണ് രഞ്ജിത്തിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലാണ് നോട്ട് അച്ചടിക്കുന്നതെന്ന് മനസിലാക്കി. മങ്കര എസ്.ഐ എൻ.കെ.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിനെത്തിയത്. പ്രതികളെ തെളിവെടുപ്പിനായി ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.