photo
കരുനാഗപ്പള്ളിയിലെ ബി.എസ്.എൻ.എൽ ഓഫീസ്

കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാകുന്നു. ബി.എസ്.എൻ.എൽ കരുനാഗപ്പള്ളി ഓഫീസിൽ കരാർ തൊഴിലാളികൾക്ക് ശമ്പളം കിട്ടിയിട്ട് 10 മാസം പിന്നിടുന്നു. ജില്ലയിൽ നിലവിൽ 138 കരാർ തൊഴിലാളികളാണുള്ളത്. കേബിളിന്റെ അറ്റുകുറ്റപ്പണികളാണ് ഇവർ ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ബി.എസ്.എൻ.എല്ലിൽ നിന്നും സ്ഥിരം ജീവനക്കാർ വി.ആർ.എസ് എടുത്ത് പോയതോടെ കരാർ ജീവനക്കാരുടെ ജോലി ഭാരം വർദ്ധിച്ചു. രാവിലെ 9.30ന് ആരംഭിക്കുന്ന കരാർ ജീവനക്കാരുടെ ജോലി വൈകിട്ട് 5 മണിയോടെയാണ് അവസാനിക്കുന്നത്. എന്നാൽ ജോലിക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നുമില്ല. 30 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ നിരവധിയാണ്. ഇ.എസ്.ഐ, പി.എഫ് എന്നീ ആനുകൂല്യങ്ങൾ മാത്രമാണ് കരാർ തൊഴിലാളികൾക്ക് ലഭിക്കുന്നത്.

കൊല്ലം ജില്ലയിലെ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ എണ്ണം: 138

ബി.എസ്.എൻ.എൽ കരുനാഗപ്പള്ളി ഓഫീസിൽ കരാർ തൊഴിലാളികൾക്ക് ശമ്പളം കിട്ടിയിട്ട് 10 മാസം പിന്നിടുന്നു

ഓരോ ദിവസം കഴിയുമ്പോഴും ജോലി ഭാരം ഇരട്ടിക്കുകയാണ്. ഇതിനനുസരിച്ച് ശമ്പളത്തിൽ വർദ്ധനവ് ഇല്ല. ഉള്ള ശമ്പളം കൃത്യമായി ‌ഡിപ്പാർട്ട്മെന്റ് നൽകുന്നുമില്ല. ജീവിതം ദുരിതപൂർണമാണ്. പലരും ആത്മഹത്യയുടെ വക്കിലാണ്. ബാങ്കിൽ നിന്നും വായ്പ എടുത്തവർ പണം തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി ഭീഷണി നേരിടുകയാണ്. 10 മാസത്തെ കുടിശ്ശിക വേതനം എത്രയും വേഗം നൽകണം.

ഓമനക്കുട്ടൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം

ദിവസവേതനം 430:

സമയത്ത് കിട്ടാറില്ല

ശമ്പളത്തിൽ നിന്നുള്ള പിടുത്തം കഴിച്ച് ഒരു കരാർ തൊഴിലാളിക്ക് ഒരു ദിവസം ലഭിക്കുന്ന വേതനം 430 രൂപയാണ്. ഇതും കൃത്യമായി കിട്ടാറില്ല. കഴിഞ്ഞ 10 മാസമായി പണം കടം വാങ്ങിയാണ് ജോലിക്കുള്ള ഉപകരണങ്ങൾ പോലും വാങ്ങുന്നതെന്ന് ഇവർ പറയുന്നു. ഇതു പോലും ഡിപ്പാർട്ടുമെന്റിൽ നിന്നും നൽകാറില്ല. പണം വന്നാൽ ഉടനെ ശമ്പള കുടിശിക വിതരണം ചെയ്യുമെന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നത്. ഇതു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കരാർ തൊഴിലാലികൾ.