കൊല്ലം: ആശ്രാമത്തെ സ്ലോട്ടർ ഹൗസ് നവീകരണം അവതാളത്തിലായതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ. ഹഫീസ് ഇക്കാര്യം ആവശ്യപ്പെടുകയും പിന്നീട് മറ്റ് അംഗങ്ങൾ പ്രശ്നം ഏറ്റെടുക്കുകയുമായിരുന്നു. 29 ലക്ഷം രൂപ മുടക്കി സ്ലോട്ടർ ഹൗസിൽ സ്ഥാപിച്ച ഹൈടെക് പ്ലാന്റ് ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ലെന്ന് എ.കെ. ഹഫീസ് പറഞ്ഞു. സ്ലോട്ടർ ഹൗസിന്റെ നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഭരണപക്ഷാംഗങ്ങളായ രാജ് മോഹനനും എസ്. ജയനും ആവശ്യപ്പെട്ടു. സ്ലോട്ടർ ഹൗസ് നവീകരണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ. രാജേന്ദ്രൻ വിശദീകരിച്ചു. ആശ്രാമം മൈതാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഹെറിറ്റേജ് വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായി വിവിധ അംഗങ്ങളുടെ ചർച്ചയ്ക്ക് മറുപടിയായി മേയർ പറഞ്ഞു.
സ്ലോട്ടർ ഹൗസിന്റെ സ്ഥിതി
ഹൈടെക് പ്ലാന്റ് ഖരപദാർത്ഥങ്ങൾ വളമായും ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങൾ വേർതിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്നുമായിരുന്നു കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ വാഗ്ദാനം. ആറ് മാസം മുമ്പ് പ്ലാന്റ് സ്ഥാപിച്ച് ട്രയൽ റൺ നടത്തിയപ്പോൾ തന്നെ അവകാശവാദങ്ങൾ പൊളിഞ്ഞു. ഖര, ദ്രാവക പദാർത്ഥങ്ങൾ ഒരുമിച്ച് പുറത്തേക്കൊഴുകി. അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും പലതവണ ട്രയൽ റൺ നടത്തിയിട്ടും ഫലമുണ്ടായില്ല. പരമ്പരാഗത രീതിയിൽ കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്നത് പോലെ രക്തവും മാലിന്യവും കലർന്ന ജലം തന്നെ പുറത്തേക്കൊഴുകി. 50 ലക്ഷം രൂപയുടെ പുതിയ യന്ത്രം സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കമ്പനിയുടെ പുതിയ അവകാശവാദം.
നിർമ്മാണം ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല. അതിൽ ദുരൂഹതയുണ്ട്. മാത്രമല്ല കാലികളെ അറുക്കുന്നയിനത്തിൽ നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ ചോരുകയാണ്.
എ.കെ. ഹഫീസ്
യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്
കബളിപ്പിച്ച കമ്പനിയുമായി ഇനി യാതൊരു തരത്തിലുള്ള ചർച്ചയും നടത്തരുത്. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തുകയാണ് വേണ്ടത്.
എം.എസ്. ഗോപകുമാർ, ആർ.എസ്.പി കൗൺസിലർ
സ്ലോട്ടർ ഹൗസ് നവീകരണം എത്രയും വേഗം പൂർത്തിയാക്കും. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആവശ്യപ്പെട്ടത് പ്രകാരം നിർമ്മാണ കമ്പനി നൽകിയ റിപ്പോർട്ട് അടുത്ത കൗൺസിലിന്റെ അജണ്ടയിൽ ഉൾപ്പെടുത്തും.
മേയർ ഹണി ബെഞ്ചമിൻ