sadasu
കേരളകൗമുദിയും കൊല്ലം എസ്.എൻ വനിതാ കോളേജും കാപിറ്റൽ അക്കാദമിയും സംയുക്തമായി എസ്.എൻ കോളേജിൽ സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ അക്കൗണ്ടിംഗ് മേഖലകളിൽ തൊഴിൽ സാദ്ധ്യത എന്ന സെമിനാറിന്റെ സദസ്

കൊല്ലം: ഉദ്യോഗാർത്ഥികൾ മാന്യമായ എന്ത് തൊഴിൽ ചെയ്യാനും തയ്യാറാകണമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. കേരളകൗമുദിയും കൊല്ലത്തെ ഫൈനാൻസ് പഠനരംഗത്തെ പ്രമുഖ സ്ഥാപനമായ ക്യാപ്പിറ്റൽ അക്കാദമിയും എസ്.എൻ വനിതാ കോളേജും സംയുക്തമായി ഇൻഡസ്ട്രിയൽ അക്കൗണ്ടിംഗ് മേഖലകളിൽ തൊഴിൽ സാദ്ധ്യത എന്ന വിഷയത്തിൽ എസ്.എൻ വനിതാ കോളേജ് സെമിനാർ ഹാളിൽസംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ തൊഴിലുകൾക്കും മാന്യതയുണ്ട്. ബി.കോം ബിരുദധാരിയാണെന്ന് കരുതി അതിന് പറ്റിയ അന്തസുള്ള ജോലിയേ ചെയ്യൂവെന്ന് വാശിപിടിക്കരുത്. കാലം കഴിയുന്തോറും ജോലി ലഭിക്കാൻ കൂടുതൽ പ്രയാസപ്പെടേണ്ടി വരും. ഓരോ രംഗത്തും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവബോധം തൊഴിൽ ലഭിക്കാൻ അതിപ്രധാനമാണ്. കരിയർ ഗൈഡൻസ് ഇത്തരം മാറ്റങ്ങളെക്കുറിച്ച് അറിവ് പകരും. കൗമുദി എന്നാൽ നിലാവാണ്. കേരളത്തിന്റെ നിലാവാണ് കേരളകൗമുദി. വാർത്തകൾക്ക് അപ്പുറം തൊഴിൽ കൂടി കണ്ടെത്താനുള്ള വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേരളകൗമുദി ഓരോ ദിവസവും പുറത്തിറങ്ങുന്നതെന്നും ഡോ. ജി. ജയദേവൻ വ്യക്തമാക്കി.

കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ ഡോ. വി. നിഷ, ക്യാപ്പിറ്റൽ അക്കാഡമി മാനേജിംഗ് ഡയറക്ടർ എം.വി. സുധീഷ് തുടങ്ങിയവർ സംസാരിച്ചു. കോളേജ് കരിയർ ഗൈഡൻസ് സെൽ കൺവീനർ ബേണി ബി. രാജ് സ്വാഗതവും കേരളകൗമുദി ലേഖകൻ പട്ടത്താനം സുനിൽ നന്ദിയും പറഞ്ഞു. കൊമേഴ്സ്, സയൻസ്, ഇൻഡസ്ട്രിയൽ അക്കൗണ്ടിംഗ് എന്നീ മേഖലകളിൽ സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാദ്ധ്യതയെക്കുറിച്ച് കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രൊഫഷണൽ ട്രെയിനർ അജി ജോർജ്ജ് ക്ലാസ് നയിച്ചു.