v
കടയ്ക്കൽ ക്ഷേത്രം

 തിരുവാതിര മാർച്ച് 5ന്

കടയ്ക്കൽ: കടയ്ക്കൽ തിരുവാതിര ഉത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7.05 ന് ക്ഷേത്രം ശാന്തി ശശിധരകുറുപ്പിന്റെ കാർമ്മികത്വം വഹിക്കും. മാർച്ച് 5 നാണ് പ്രധാന ഉത്സവ ദിവസമായ തിരുവാതിര. തുടർന്ന് കുത്തിയോട്ട വ്രതം ആരംഭിക്കും. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ മിനി സ്റ്റേജിൽ കലാപരിപാടികളും അരങ്ങേറും.

മാർച്ച് 4ന് രാവിലെ 5ന് പരമാനന്ദസംഗീതം, 7ന് ഉദ്‌ഘാടന സമ്മേളനം ദേവസ്വം പ്രസിഡന്റ് എൻ.വാസു ഉദ്‌ഘാടനം ചെയ്യും. 40 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രോപദേശക സമിതി നിർമ്മിക്കുന്ന നടപ്പന്തലിന്റെ തറക്കല്ലിടീലും അദ്ദേഹം നിർവഹിക്കും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ജെ.എം.മർഫി അദ്ധ്യക്ഷനാകും. മുഖ്യ പ്രഭാഷണവും ബഡ്‌സ് സ്കൂൾ കുട്ടികൾക്കായുള്ള വാട്ടർ ഡിസ്പെൻസർ വിതരണവും ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ നിർവഹിക്കും.

സിനിമാതാരം രചന നാരായണൻകുട്ടി പൊങ്കാലയും പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.കൃഷ്ണകുമാര വാര്യർ വ്യാപാര- പുഷ്പമേളയും ഉദ്‌ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അസി. കമ്മിഷണർമാരായ എൻ.അജയകുമാർ, കെ.രാജേന്ദ്രൻ നായർ, സബ് ഗ്രൂപ്പ് ഓഫീസർ പി.അയ്യപ്പൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ബിജു സ്വാഗതവും ഉപദേശകസമിതി അംഗം ആർ.ഗിരീഷ് നന്ദിയും പറയും. 8.30ന് നാദസ്വര കച്ചേരി. വൈകിട്ട് 5ന് കുത്തിയോട്ട കളി മത്സരം. 5.15ന് വിശേഷാൽ ഐശ്വര്യ വിളക്ക്. രാത്രി 7.45ന് മുടിയാട്ടക്കാവ് നാടൻപാട്ടും നൃത്താവിഷ്‌കാരവും.

5ന് രാവിലെ 8.30ന് സർഗസംഗീതം, വൈകിട്ട് 3ന് എടുപ്പ് കുതിര തിരിച്ചെഴുന്നള്ളത്ത്. കിളിമരത്തുകാവിൽ നിന്ന് ഉമാമഹേശ്വര രൂപത്തിന്റെയും ചെണ്ട മേളത്തിന്റെയും എടുപ്പ് കാളകളുടെയും അകമ്പടികളോടെ ആരംഭിച്ച് ആൽത്തറമൂട്ടിലെത്തി അവിടെ കെട്ടിയൊരുക്കിയിരിക്കുന്ന മറ്റ് രണ്ട് എടുപ്പ് കുതിരകളും എഴുന്നള്ളത്തിന് പിന്നിലായി ശിവക്ഷേത്രത്തിൽ വലംവച്ച് ദേവീക്ഷേത്ര സന്നിധിയിൽ സമർപ്പിക്കും. 3.30ന് ഓട്ടൻതുള്ളൽ, 6.30ന് ഗാനമേള, രാത്രി 9.30ന് വിൽപ്പാട്ട്, 10 മുതൽ 20 കെട്ടുകാഴ്ചകൾ അതാത് കരകളിൽനിന്നാരംഭിച്ച് ക്ഷേത്ര സന്നിധിയിലെത്തും.

6ന് രാവിലെ 6.30ന് ഫ്യൂഷൻ 2020 (വയലിൻ, ശിങ്കാരി മേളം, കോമ്പോ വിത്ത് നാടൻപാട്ട്). 7ന് വൈകിട്ട് 6.30ന് നാടകം, രാത്രി 9 മുതൽ സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്ന യമണ്ടൻ കോമഡി ഷോ. 8ന് വൈകിട്ട് 6.30ന് മഴവിൽ തകർപ്പൻ കോമഡി ഫെസ്റ്റ്, രാത്രി 9ന് മേജർ സെറ്റ് കഥകളി കഥ ഹരിശ്ചന്ദ്ര ചരിതം. 9 വൈകിട്ട് 6.30ന് ഗാനമേള, 9.30ന് പാലക്കാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ട്. 10ന് വൈകിട്ട് 6.30ന് ചൂട്ട് (ഫോക് മെഗാഷോ), രാത്രി 9ന് കോമഡി ഷോ. 11ന് വൈകിട്ട് 6.30ന് കേരളാ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവൽ വിജയി കുമാരി തീർത്ഥ നായരുടെ സംഗീത സദസ്, രാത്രി 8ന് ധർമൂസ് മെഗാ ഷോ. 12ന് വൈകിട്ട് 6.30ന് നൃത്താർച്ചന, രാത്രി 8 മുതൽ കേരളീയം 2020 മെഗാ ഷോ. 13ന് വൈകിട്ട് 6.30 സമാപന സമ്മേളനവും സമ്മാനദാനവും മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബിനേഷ്.ബി.പിള്ള അദ്ധ്യക്ഷനാകും. കടയ്ക്കലമ്മ സാന്ത്വന ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാദേവിയും എൻഡോവ്മെന്റ് വിതരണം ജില്ലാ പഞ്ചായത്തംഗം പി.ആർ പുഷ്കരനും കുത്തിയോട്ടക്കളി സമ്മാന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ബിജുവും കെട്ടുകാഴ്ചക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം ഇ.എസ് രമാദേവിയും നിർവഹിക്കും. വെള്ളർവട്ടം സെൽവൻ, ശ്യാമള സോമരാജ് എന്നിവർ സംസാരിക്കും. എസ്.വികാസ് സ്വാഗതവും ഐ.അനിൽ കുമാർ നന്ദിയും പറയും. രാത്രി 8ന് സിനിമ പിന്നണി ഗായകൻ സന്നിധാനന്ദൻ നയിക്കുന്ന ഗാനമേള. രാത്രി 12ന് തിരുമുടി എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, ഗുരുസി.

മാർച്ച് 4 മുതൽ കടയ്ക്കൽ ടൗൺ, ചിങ്ങേലി, കടയ്ക്കൽ മാർക്കറ്റ് ജംഗ്‌ഷൻ, ആൽത്തറമൂടും ആലുംപരിസരവും, ക്ഷേത്ര തീർത്ഥക്കുളം, പള്ളിമുക്ക്, ആഴാന്തകുഴി, എറ്റിൻകടവ്, സീഡ്ഫാം ജംഗ്‌ഷൻ, മണികണ്ഠൻചിറ, മണലിയിൽ, കുറ്റിക്കാട് പോച്ചയിൽ, ആറ്റുപുറം, കാര്യം, ടൗൺ തെക്ക് കോട്ടപ്പുറം, കുറ്റിക്കാട്, പന്തളം മുക്ക്, വാലുപച്ച, കിരാല, ചുണ്ട ജംഗ്‌ഷൻ, പാങ്ങലുകാട് എന്നിവിടങ്ങളിൽ വൈദ്യുതി ദീപങ്ങളാൽ അലങ്കരിക്കും.