പുനലൂർ: അച്ചൻകോവിൽ വനമദ്ധ്യത്തിലെ റോഡരികിൽ വലിച്ചുകെട്ടിയ തുണിമറയ്ക്ക് ഉള്ളിൽ വച്ച് രാത്രിയിൽ ആദിവാസി യുവതി പ്രസവിച്ചു. അച്ചൻകോവിൽ ആദിവാസി ഗിരിജൻ കോളനിയിൽ സുജിതയാണ് (22) ആൺകുഞ്ഞിന് ജന്മം നൽകിയത്.ചെവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ വച്ച് കലശലായ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദിവാസി പ്രൊമോട്ടറെ അറിയിച്ചു. ഇവർ വിളിച്ച സ്വകാര്യ ടാക്സി ജീപ്പിൽ യുവതിയെയും ഭർത്താവ് അനന്ദുവിനെയും ബന്ധുക്കളെയും കൂട്ടി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടു.
അച്ചൻകോവിൽ - ചെങ്കോട്ട വനപാതയിലെ പള്ളിവാസലിൽ എത്തിയപ്പോൾ സുജിതയ്ക്ക് പ്രസവവേദന കൂടി.
തുടർന്ന് ജീപ്പ് നിറുത്തി സമീപത്തെ വീട്ടുകാരിൽ നിന്നു തുണി വാങ്ങി റോഡ് സൈഡിൽ വലിച്ചുകെട്ടി സൗകര്യമൊരുക്കി.
താമസിയാതെ ആൺ കുഞ്ഞിന് ജന്മം നൽകി. മൂന്ന് മണിക്കൂറോളം വിശ്രമിച്ചശേഷം അർദ്ധരാത്രിയോടെ അമ്മയെയും കുഞ്ഞിനെയും അതേ ജീപ്പിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൂന്നര വർഷം മുമ്പ് സ്വന്തം വീട്ടിലാണ് സുജിത ആദ്യപ്രസവത്തിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്.
ആംബുലൻസുണ്ട്, കിട്ടില്ല!
ആദിവാസികളെ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ അച്ചൻകോവിൽ രണ്ട് ആംബുലൻസുകൾ ഉണ്ടെങ്കിലും ഇത് സമയത്ത് ലഭിക്കാറില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ വർഷവും അച്ചൻകോവിലിൽ നിന്നെത്തിയ ഒരു ആദിവാസി യുവതി മുള്ളുമലയിൽ എത്തിയപ്പോൾ ജീപ്പിനുള്ളിൽ പ്രസവിച്ചിരുന്നു. അച്ചൻകോവിൽ ഗവ. ആശുപത്രിയിലേക്ക് പഞ്ചായത്ത് വാങ്ങി നൽകിയ ആംബുലൻസ് വർഷങ്ങളായി കട്ടപ്പുറത്താണ്. ഇതേതുടർന്നാണ് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ഫണ്ട് വിനിയോഗിച്ച് ആദിവാസി കോളനി നിവാസികൾക്കായി ഒരു ആംബുലൻസ് വാങ്ങി വനം വകുപ്പിനെ ഏൽപ്പിച്ചിച്ചത്. എന്നാൽ ഡ്രൈവറുടെ അഭാവം മൂലം ഇതിന്റെ സേവനവും ലഭിക്കുന്നില്ലെന്നാണ് പരാതി.
'പൂർണ ഗർഭിണിയായ സുജിത സംഭവ ദിവസം രാവിലെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂട്ടിരിപ്പിന് ആളില്ലാതിരുന്നതിനാൽ മടങ്ങിപ്പോയി. സന്ധ്യയോടെ പ്രസവ വേദന ആരംഭിച്ചു.
-സുജാത
ഭർതൃമാതാവ്