പുനലൂർ; പുനലൂർ നഗരസഭയിലെ പവർഹൗസ് വാർഡിൽ തലയാംകുളത്ത് പ്രവർത്തിച്ചിരുന്ന ക്രഷർ യൂണിറ്റിൽ സംസ്ഥാന മലനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും സമീപവാസികളുടെ മൊഴിയെടുക്കുകയും ചെയ്തു. മലിനീകരണ ബോർഡ് ജില്ലാ ഓഫീസർ പി. സിമി, അസി. എൻജിനിയർ അപർണ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിന്നീട് സ്ഥാപന ഉടമയെ വരുത്തിച്ച് രേഖകൾ പരിശോധിച്ചു.
വർഷങ്ങളായി ജനവാസമേഖലയിൽ പ്രവർത്തിച്ചിരുന്ന ക്രഷറിന്റെ പ്രവർത്തനം ഇടയ്ക്ക് നിറുത്തിവച്ചിരുന്നു. ഇത് വീണ്ടും പുനരാരംഭിക്കാനുള്ള ശ്രമം കഴിഞ്ഞയാഴ്ച നാട്ടുകാർ തടയുകയായിരുന്നു. ക്രഷറിന്റെ പ്രവർത്തനം കാരണം ജനങ്ങൾക്ക് ത്വക്ക് രോഗങ്ങളും അലർജിയും ഉണ്ടാകുന്നു എന്നാരോപിച്ചായിരുന്നു സമരം.
നേരത്തെ ഇത് സംബന്ധിച്ച് നാട്ടുകാർ പുനലൂർ ആർ.ഡി.ഒയ്ക്കും ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകിയിരുന്നു. തുടർന്ന് ക്രഷറിന്റെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. ആർ.ഡി.ഒ ബി.ശശികുമാർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം നാട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രഷർ പ്രവർത്തനം നിറുത്തിയത്. ഇതിനിടെ വീണ്ടും ക്രഷർ യൂണിറ്റിൻെറ പ്രവർത്തം ആരംഭിക്കാൻ രണ്ട് ലോഡ് പാറയുമായി ഉടമയെത്തി. ഇതിനെതിരെയാണ് വാർഡ് കൗൺസിലർ ജി.ജയപ്രകാശിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തി ജോലികൾ നിർത്തി വയ്പ്പിച്ചത്.