എട്ട് മെമു എങ്കിലും കൊല്ലത്തിന് വേണമെന്ന ആവശ്യം പരിഗണിക്കുന്നില്ല
കൊല്ലം: വൈകിയും കിതച്ചുമോടുന്ന പാസഞ്ചർ ട്രെയിനുകളെ മറികടന്ന് അതിവേഗ യാത്രയ്‌ക്ക് ട്രാക്കിലിറക്കിയ മെമു ട്രെയിൻ സർവീസുകൾ താളം തെറ്റുമ്പോൾ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നു. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം ആയിരങ്ങൾ ആശ്രയിക്കുന്ന മെമു ട്രെയിൻ സർവീസ് ആഴ്‌ചയിലൊരിക്കൽ മുടക്കി യാത്രക്കാരെ വെല്ലുവിളിക്കുകയാണ് റെയിൽവേ.
കൊല്ലത്തെ ആറ് മെമു ട്രെയിനുകൾ ഉപയോഗിച്ച് എറണാകുളം മുതൽ കന്യാകുമാരി വരെ 14 സർവീസുകളാണ് നടത്തുന്നത്. ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമുള്ള രണ്ട് സർവീസുകൾ മാത്രമാണ് എല്ലാ ദിവസവും ഓടിക്കാൻ കഴിയുന്നത്. മറ്റെല്ലാ സർവീസുകളും ആഴ്ചയിലൊരിക്കൽ ഉണ്ടാകില്ല. ആഴ്‌ചയിൽ ഒരു ദിവസം അറ്റകുറ്റപണികൾക്കായി മെമു മാറ്റിയിടാറുണ്ട്. അത്തരം ദിവസങ്ങളിൽ സർവീസ് നടത്താൻ പകരം മെമു കൊല്ലത്തില്ല. കൂടുതൽ മെമു നൽകണമെന്ന ജനങ്ങളുടെ ആവശ്യത്തെ നിരന്തരം അവഗണിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. മൺറോത്തുരുത്ത്, പെരിനാട് ഉൾപ്പെടെ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകളിലെ നൂറ് കണക്കിന് യാത്രക്കാരുടെ ഏക ആശ്രയമാണ് മെമു.
രണ്ട് പാസഞ്ചറുകൾ കൂടി മെമുവാകും
പുലർച്ചെ നാലിന് കോട്ടയം വഴി എറണാകുളത്തേക്കും 6.50ന് തിരുവനന്തപുരത്തേക്കും പോകുന്ന രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂടി വൈകാതെ മെമു സർവീസാക്കി മാറ്റും. ദിവസവും ഓടുന്ന പാസഞ്ചറുകൾ പിൻവലിക്കുമ്പോൾ പകരം വരുന്ന മെമുവിന് ദിവസവും സർവീസ് നടത്താനാകുമോയെന്ന് വ്യക്തമല്ല.
സമയക്രമത്തിലും തട്ടിപ്പ്
പുലർച്ചെ 5.50ന് എറണാകുളത്ത് നിന്നെടുക്കുന്ന മെമു രാവിലെ 9ന് ശാസ്‌താംകോട്ട സ്റ്റേഷനിലെത്തും. അവിടെ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള കൊല്ലം സ്റ്റേഷനിലെത്താൻ പത്ത് മണിയാകുമെന്നാണ് റെയിൽവേ ടൈം ടേബിൾ പറയുന്നത്. 9.15ന് പെരിനാട് എത്തുന്ന മെമു 9.20ന് കൊല്ലം സ്റ്റേഷന് കിലോമീറ്ററുകൾ മാത്രം അകലെ ഔട്ടറിൽ പിടിച്ചിടും. പ്ലാറ്റ് ഫോം ഒഴിവില്ലെന്നാണ് വിശദീകരണം. പലപ്പോഴും ട്രെയിൻ സ്റ്റേഷനിൽ കയറുമ്പോൾ സമയം പത്ത് കഴിഞ്ഞിരിക്കും. വൈകിയെത്തിയാലും തങ്ങളുടെ സമയക്രമം തെറ്റിയെന്ന് വരാതിരിക്കാനാണ് റെയിൽവേ ടൈം ടേബിളിലെ ഈ കള്ളക്കളി.
കൊല്ലത്ത് വന്ന് പോകുന്ന മെമു
66312 കൊല്ലം - ആലപ്പുഴ
03.30 am - 05.45 am
66311 ആലപ്പുഴ - കൊല്ലം
05.25 pm - 07.30 pm
എല്ലാ ദിവസവും
66300 കൊല്ലം - എറണാകുളം (കോട്ടയം വഴി)
07.50 am - 12.55 pm
66301 എറണാകുളം - കൊല്ലം (കോട്ടയം വഴി)
02.40 pm - 07.00 pm
ശനിയാഴ്‌ച ഇല്ല
66302 കൊല്ലം - എറണാകുളം (ആലപ്പുഴ വഴി)
08.50 am - 12.20 pm
66303 എറണാകുളം - കൊല്ലം (ആലപ്പുഴ വഴി)
12.30 pm - 04.00 pm
തിങ്കളാഴ്ച ഇല്ല
66318 കൊല്ലം - കോട്ടയം
09.15 am - 12.10 pm
66317 കോട്ടയം - കൊല്ലം
06.00 pm - 08.40 pm
എല്ലാ ദിവസവും
66307 എറണാകുളം - കൊല്ലം ( കോട്ടയം വഴി)
05.50 am - 10.00 am
66308 കൊല്ലം - എറണാകുളം ( കോട്ടയം വഴി)
12.40 pm - 05.40 pm
ബുധനാഴ്ച ഇല്ല
66310 കൊല്ലം - എറണാകുളം (ആലപ്പുഴ വഴി)
09.00 pm - 12.25 am
ചൊവ്വാഴ്ച ഇല്ല
66309 എറണാകുളം - കൊല്ലം (ആലപ്പുഴ)
07.40 pm - 11.20 pm
ബുധനാഴ്‌ച ഇല്ല
66304 കൊല്ലം - കന്യാകുമാരി
10.50 am - 03.50 pm
66305 കന്യാകുമാരി - കൊല്ലം
04.15 pm - 09.40 pm
വെള്ളിയാഴ്ച ഇല്ല
ചില്ലറക്കാരനല്ല മെമു
1. മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് മെമു
2. കൊല്ലത്തെ ആറ് മെമുവിൽ രണ്ടെണ്ണം ത്രീഫേസ് എൻജിൻ സംവിധാനമുള്ളതാണ്
3. സാധാരണ മെമു ട്രെയിനുകളേക്കൾ ഇന്ധന ക്ഷമ, വേഗത, സുരക്ഷിത യാത്ര എന്നിവ ത്രീഫേസിന്റെ പ്രത്യേകതയാണ്
5.എട്ട് മുതൽ പന്ത്രണ്ട് വരെ കോച്ചുകളുള്ള മെമുവിൽ പാസഞ്ചറിലേക്കാൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനാകും
6. രണ്ട് വശങ്ങളിലും കൺട്രോൾ ക്യാബിനുള്ള മെമു 80 കിലോമീറ്റർ വേഗതിയിലേക്ക് പെട്ടന്നെത്തും