general
പുത്തൂരിൽ ഇന്ന് പ്രവർത്തനം തുടങ്ങുന്ന പ്രധാനമന്ത്രി നൈപുണ്യ വികസന കേന്ദ്രം

കൊട്ടാരക്കര: യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പ്രധാനമന്ത്രി നൈപുണ്യ വികസന കേന്ദ്രം ഇന്ന് പുത്തൂരിൽ പ്രവർത്തനം തുടങ്ങും. തൊഴിൽ രഹിതരായവർക്ക് പരിശീലനം നൽകി തൊഴിൽ കണ്ടെത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണിത്. ഒരു പാർലമെന്റ് മണ്ഡലത്തിൽ ഒരു കേന്ദ്രമാണ് അനുവദിക്കുന്നത്. ഡീ യുണീക്ക് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നത്. മൂന്ന് മാസത്തെ കോഴ്സുകളാണ് പൂർണമായും സൗജന്യമായി നടത്തുന്നത്. 18നും 55നും ഇടയിൽ പ്രായമുള്ളവർക്കാണ് പ്രവേശനം.

കോഴ്സ് പൂർത്തിയാകുന്നവർക്ക് ഭാരത സർക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് നൽകും. ആധാറുമായി ലിങ്ക് ചെയ്താണ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ത്യയ്ക്കകത്തും വിദേശത്തും തൊഴിൽനേടാൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാവുന്നതാണ്. തൊഴിൽ സംരംഭകർക്ക് സർക്കാരിന്റെ വിവിധ ലോണുകൾ കിട്ടുന്നതിനും സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുമെന്നും സംഘാടകർ അറിയിച്ചു.

കോഴ്സുകൾ ഇവയൊക്കെ.....

5-ാം ക്ളാസ് പാസായവർക്ക്: ടെക്സ്റ്റൈൽ, ഇൻലെയ്ൻ ചെക്കർ (തയ്യൽ പരിശീലനം)

8ാം ക്ളാസ് പാസായവർക്ക്: ടെക്സ്റ്റൈൽ, ഇൻലെയ്ൻ ചെക്കർ(തയ്യൽ പരിശീലനം), ബ്യൂട്ടി ആൻഡ് വെൽനസ്, ഹെയർ സ്റ്റൈലിസ്റ്റ്

10ാം ക്ളാസ് പാസായവർക്ക്: ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ് വെയർ, സി.സി.ടി.വി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, മീഡിയ ആൻഡ് എന്റർടെയ്മെന്റ്, ലോജിസ്റ്റിക്സ്(കൊറിയർ ഡെലിവറി എക്സിക്യുട്ടീവ്)

12ാം ക്ളാസ് പാസായവർക്ക്: ലോജിസ്റ്റിക്സ് (കൺസൈൻമെന്റ് ബുക്കിംഗ് അസിസ്റ്റന്റ്)

-------------

ഉദ്ഘാടനം ഇന്ന്

പുത്തൂർ മണ്ഡപം ജംഗ്ഷനിലെ സെന്റ് ഗ്രിഗോറിയോസ് കൊമേഴ്സ്യൽ കോംപ്ളക്സിൽ തുടങ്ങുന്ന കേന്ദ്രം ഇന്ന് രാവിലെ 10ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. പുഷ്പാനന്ദൻ, ആർ. രശ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന സുധാകരൻ, ആർദ്ര, നൈപുണ്യ വികസന കേന്ദ്രം മാനേജർ അരുൺ സി. പയസ്, വയയ്ക്കൽ സോമൻ, എൻ. ശിവരാമൻ, ഫാ. തോമസ് ഡാനിയേൽ, ഭാസ്കരൻ പിള്ള, കല്ലുംപുറം വസന്തകുമാർ, ഡി. മാമച്ചൻ, നസീം അലി എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ.