v
കൊടും ചൂടിൽ വെന്തുരികി ജില്ല

കൊല്ലം: സമാനതകളില്ലാത്ത കൊടും ചൂടിൽ ജില്ല വെന്തുരുകുമ്പോൾ ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമെന്ന് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടറും. ജില്ലയിലെമ്പാടും ഇന്നലെയും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. കടുത്ത കുടിവെള്ള ക്ഷാമത്തിനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാകില്ല.

''

സർക്കാർ സജ്ജം

എന്ത് സാഹചര്യം ഉണ്ടായാലും സർക്കാർ ശക്തമായ ഇടപെടൽ നടത്തും. കല്ലട കാനലുകൾ തുറന്നതിനാൽ കനാലൊഴുകുന്ന ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് സാദ്ധ്യതയില്ല. കുണ്ടറ ഇളമ്പള്ളൂരിലെ അടക്കമുള്ള കൂടുതൽ കുടിവെള്ള പദ്ധതികൾ കമ്മിഷൻ ചെയ്യുകയാണ്. ഇതോടെ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടൊഴിയും.

ജെ.മേഴ്സിക്കുട്ടിഅമ്മ

മന്ത്രി

''

സർക്കാർ ഇടപെടണം

കൊടിയ വരൾച്ചയെ മുൻകൂട്ടി കണ്ട് ഫലപ്രദമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കൊടും ചൂടിന്റെ സൂചനകൾ നേരത്തെ ലഭ്യമായതാണ്. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ സ്‌കൂളുകളിലെ ഉൾപ്പെടെ സർക്കാർ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.

എൻ.കെ.പ്രേമചന്ദ്രൻ എം.പി

'' പൈപ്പ് ലൈൻ വ്യാപിപ്പിക്കും കോർപ്പറേഷനുകളെയും മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും പോലെ ജില്ലാ പഞ്ചായത്തിന് ടാങ്കറുകളിൽ കുടിവെള്ളം ലഭ്യമാക്കാനാകില്ല. കുടിവെള്ള പ്രശ്നം സ്ഥായിയായി പരിഹരിക്കാൻ പരമാവധി സ്ഥലങ്ങളിലേക്ക് പൈപ്പ് ലൈൻ വ്യാപിപ്പിക്കുകയാണ് ജില്ലാ പഞ്ചായത്ത്. അതിനായി ഇത്തവണത്തെ വാർഷിക പദ്ധതിയിൽ നാല് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സി.രാധാമണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് '' നടപടി സ്വീകരിച്ചു നഗരത്തിൽ പുന്തലത്താഴം, ഉളിയക്കോവിൽ, ശക്തികുളങ്ങര, അഞ്ചാലുമൂട് അടക്കമുള്ള പ്രദേശങ്ങളിൽ നിലവിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ടാങ്കറുകളിൽ പരാമവധി സ്ഥലങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഇടറോഡുകളിൽ ചെറിയ വാഹനങ്ങളിലും കുടിവെള്ളം എത്തിക്കണം. ഹണി ബഞ്ചമിൻ, കൊല്ലം മേയർ

''

നിർദേശങ്ങൾ മുൻകൂട്ടി നൽകി

തൊഴിലുറപ്പ് തൊഴിലാളികൾ, കാർഷിക മേഖലയിൽ പണിയെടുക്കുന്നവർ തുടങ്ങിയവർക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകിയിരുന്നു. കൃത്യമായ അവലോകനം മുൻകൂട്ടി നടത്തി. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെയുള്ള പൊതുപരിപാടികൾ ശ്രദ്ധയിൽപ്പെട്ടാൽ നിയന്ത്രിക്കും.

ബി.അബ്ദുൽനാസർ

ജില്ലാ കളക്ടർ