v
സി.പി.ഐ

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിലുണ്ടായ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ഇന്ന് ചേരാൻ നിശ്ചയിച്ചിരുന്ന ജില്ലാ കൗൺസിൽ യോഗം മാറ്റിവച്ചു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രാഞ്ച്, ലോക്കൽ ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു മാറ്റിവച്ച ജില്ലാ കൗൺസിൽ യോഗത്തിന്റെ അജണ്ട. പക്ഷെ, കൗൺസിൽ യോഗം ചേരുമ്പോൾ അജണ്ടയ്ക്കപ്പുറം ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ നിശ്ചയിച്ചതിനെ ചൊല്ലിയുള്ള തർക്കം കത്തിപ്പടരുമെന്ന് കണ്ടാണ് യോഗം മാറ്റിവച്ചത്.

രണ്ടു ദിവസം മുൻപ് കൊട്ടാരക്കരയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇടക്കാലത്തിനുശേഷം രൂക്ഷമായ വാക്പോര് അരങ്ങേറിയത്. 20 വർഷമായി ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി തുടരുന്ന കാനം പക്ഷക്കാരനായ ഡി.സുകേശനെ വീണ്ടും മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ മുന്നോട്ടുവച്ച നിർദ്ദേശമാണ് തർക്കത്തിനിടയാക്കിയത്. ഗ്രന്ഥശാല സബ് കമ്മിറ്റി കൺവീനറായ പുനലൂരിൽ നിന്നുള്ള എം.സലീമിന്റെ പേര് കാനം വിരുദ്ധ പക്ഷക്കാരായ പി.എസ്. സുപാൽ, ഡി. വേണുഗോപാൽ തുടങ്ങിയവർ നിർദേശിച്ചു. ഇതിനെതിരെ കാനം പക്ഷക്കാരായ ആർ. വിജയകുമാർ, ആർ. രാജേന്ദ്രൻ, ശിവശങ്കരൻ നായർ എന്നിവർ രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്.

ഗ്രന്ഥശാല സബ് കമ്മിറ്റി യോഗത്തിന്റെ നിർദ്ദേശമാണ് മുല്ലക്കര ജില്ലാ എക്സിക്യുട്ടീവിൽ അവതരിപ്പിച്ചത്. അതിന് മുൻപ് ജില്ലാ സെന്റർ യോഗത്തിൽ ചർച്ച ചെയ്യണമെന്ന കീഴ് വഴക്കം പാലിക്കപ്പെട്ടില്ല. ഇക്കാര്യം കൂടി ഉയർത്തിയായിരുന്നു കാനം വിരുദ്ധപക്ഷത്തിന്റെ എതിർപ്പ്. അതേസമയം, കഴിഞ്ഞ ദിവസം ഡി. സുകേശൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.