zz

പത്തനാപുരം: പാലത്തിൽ അഭ്യാസപ്രകടനം നടത്തി അപകടം ഉണ്ടാക്കിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. എലിക്കാട്ടൂർ പാലത്തിൽ ശനിയാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ ടിക് ടോക് ചിത്രീകരണത്തിനായി ബൈക്കുകളിൽ അഭ്യാസപ്രകടനം നടത്തിയത്. പുനലൂർ പേപ്പർമില്ലിന് സമീപമുള്ള അജ്മൽ ഷെറീഫിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അമിതവേഗത്തിലുള്ള അഭ്യാസ പ്രകടനത്തിനിടെ അപകടത്തിൽപ്പെട്ടത്.

മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ പുന്നല സ്വദേശി അൻസിലാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. പുനലൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ. കരൻ വാഹനം പിടികൂടി പൊലീസിന് കൈമാറുകയും ഡ്രൈവിംഗ് ലൈസൻസ് തുടർനടപടികൾക്കായി മേലധികാരികൾക്ക് സമർപ്പിക്കുകയും ചെയ്തു. പൊതുറോഡിൽ റേസിംഗ് നടത്തിയതിനും അപകടരമായ രീതിയിൽ വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനുമാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തതെന്ന് ജോയിന്റ് ആർ.ടി.ഒ വി. സുരേഷ് കുമാർ പറഞ്ഞു. കൂടാതെ ഈ പ്രദേശങ്ങളിൽ സേഫ് കേരള സ്ക്വാഡിന്റെ പട്രോളിംഗ് ശക്തമാക്കിയതായി ആർ.ടി.ഒ ഡി. മഹേഷ് അറിയിച്ചു. സംഭവത്തിൽ പത്തനാപുരം പൊലീസും കേസെടുത്തിട്ടുണ്ട്.