zz
വാഹനമോഷണ കേസിൽ പിടിയിലായ പ്രതികൾ

പത്തനാപുരം: ജയിലിൽ കിടക്കുന്ന സുഹൃത്തുക്കളായ മോഷ്ടാക്കളുടെ കേസ് നടത്തി അവരെ പുറത്തിറക്കാൻ വാഹന മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം പൗഡിക്കോണം പുളിയറക്കോണത്ത് റഷിൻ (22), ആറ്റിങ്ങൽ ഇളമ്പത്തടം രാജീവ് ഭവനിൽ ശ്രീരാജ് (19) എന്നിവരാണ് ഇന്നലെ പിടിയിലായത്. സംഘാംഗമായ പത്തനാപുരം പാതിരിക്കൽ മണ്ണായിക്കോണം രതീഷ് ഭവനിൽ അഗിത്ത് (19) പത്തനാപുരത്ത് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ ഞായറാഴ്ച അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ഇവർ ജയിലിൽ വച്ച് സുഹൃത്തുക്കളായവരാണ്. മോഷണം നടത്തുന്നതും ക്വട്ടേഷൻ ഏറ്റെടുക്കുന്നതും ജയിലിലുള്ള കൂട്ടുകാരുടെ കേസ് നടത്താനും അവരെ പുറത്തിറക്കാനുമാണെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ഇരുചക്രവാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച വാഹനങ്ങളും മറ്റ് തൊണ്ടിമുതലുകളും ഇനിയും കണ്ടെത്താനുണ്ട്. വാഹനങ്ങൾ മോഷ്ടിക്കുന്നതിനും നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്തന്നതിനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് പിടിയിലായ മോഷ്ടാക്കൾ.പൊലീസ് വാഹനങ്ങളിൽ നിന്നുവരെ ഡീസലും പെട്രോളും ഊറ്റിയിട്ടുള്ളതായും പ്രതികൾ സമ്മതിച്ചു. പ്രായപൂർത്തിയാകും മുൻപ് മോഷണ കേസിൽ ജുവനൈൽ ഹോമിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകളുണ്ട്. മൊബൈലിൽ വിളിച്ച് തന്ത്രപൂർവ്വമാണ് പ്രതികളെ പിടികൂടിയത്.പത്തനാപുരം സി.ഐ അൻവർ,എസ്. ഐമാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ,സി.പി. ഒമാരായ സന്തോഷ്, രജിത്ത്, നിക്സൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.