ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന അഴിമതി കണ്ടില്ലെന്ന് നടിക്കുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മാലകായൽ വാർഡിലെ മാലകായൽ കോളനിയിൽ ചോർന്നൊലിക്കുന്ന കൂരയിൽ താമസിക്കുന്ന വൃദ്ധയ്ക്ക് വീട് വെച്ചു നൽകാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചവർക്കെതിരെ യാതൊരു നടപടിയും പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചിട്ടില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പഞ്ചായത്തിൽ വാർഡുകൾ തോറും ഉദ്ഘാടനം നടത്തിയുള്ള ധൂർത്തിന് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിൽക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. മാലകായൽ റെയിൽവേ പുറമ്പോക്കിൽ നാൽപ്പത്തി രണ്ടോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പട്ടയമോ കൈവശ രേഖയോ ഇല്ല. ഇതുമൂലം ഇവർക്ക് പഞ്ചായത്തിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നിർദ്ധനയായ വൃദ്ധയ്ക്ക് വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് പഞ്ചായത്തിലെ കുടുംബശ്രീ ഭാരവാഹികൾ വ്യാപകമായ പിരിവ് നടത്തിയത്. പിരിച്ച പണം അക്കൗണ്ടിൽ നിക്ഷേപിക്കാത്ത കുടുംബശ്രീ ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധ സമരത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.സത്യദേവൻ, കെ. സുജയ്‌കുമാർ, സി. ആർ. അനിൽകുമാർ, എസ്.വി. ബൈജുലാൽ, എ. ഗോപാലകൃഷ്ണൻ, ആർ. അഴകേശൻ, പ്രഭാകരൻ പിള്ള, ജി. പവിത്രൻ, എ.എസ്. കിരൺ തുടങ്ങിയവർ നേതൃത്വം നൽകി.