പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആഡംബര കാറിന്റെ ഡോറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി നൗഷാദ് എന്ന നൗഫലിനെയാണ് (28) ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ പടികൂടിയത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് പത്തനംതിട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിൽ പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ കാറിൻെറ ഡോർ ഇളക്കി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഗുണ്ടാസംഘ തലവനായ യുവാവ് തമിഴ്നാട്ടിൽ രണ്ട് കൊലകേസുകളിലെ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.