പത്തനാപുരം: കെ.ഐ.പി കനാലിൽ മൃതദേഹം കരയ്ക്കെടുക്കാനാളില്ല, ഒടുവിൽ യൂണിഫോം അഴിച്ചുവച്ച് സി.ഐ തന്നെ തുനിഞ്ഞിറങ്ങി. കെ.ഐ.പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുകരയിലും നാട്ടുകാരും നിറഞ്ഞു. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്കെടുക്കാൻ നാട്ടുകാർ തയ്യാറായില്ല. തുടർന്ന് കനാൽ വൃത്തിയാക്കുന്ന കരാർ തൊഴിലാളികളുടെ സഹായം തേടിയെങ്കിലും ഇവർ പൊലീസിനോട് രണ്ടായിരം രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തനാപുരം സി.ഐ അൻവർ യൂണിഫോം അഴിച്ചുവച്ച് കനാലിൽ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. നാട്ടുകാരിലാരോ ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സി.ഐ താരമായിരിക്കുകയാണ്. മാങ്കോട് തേൻകുടിച്ചാൽ സ്വദേശി ദിവാകരന്റേതാണ് (79) മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.