കൊല്ലം: ബാറിന് സമീപംവച്ച് ജ്യൂസ് കടയുടമയെ ബിയർ കുപ്പിയ്ക്ക് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കിളികൊല്ലൂർ കോടിയാട്ട് പടിഞ്ഞാറ്റതിൽ ലാൽ (32), കടപ്പാക്കട പീപ്പിൾസ് നഗർ ഷംന മൻസിലിൽ സുൽഫിക്കർ (35) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ്ചെയ്തത്.
കടപ്പാക്കടയിലെ ബാറിന് സമീപം ജ്യൂസ് കട നടത്തുന്ന അഷ്റഫിനാണ് (52) കുത്തേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ലാലും സുൽഫിക്കറും അഷ്റഫുമായി തർക്കത്തിലായി. അവിടെയുണ്ടായിരുന്ന ബിയർ കുപ്പിയുടെ ചില്ലുകൊണ്ട് കുത്തുകയുമായിരുന്നു. നെഞ്ചിനേറ്റ കുത്തിൽ ശ്വാസകോശത്തിന് പരിക്കേറ്റ അഷ്റഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒളിവിൽ പോയ പ്രതികളെ രാത്രിയോടെ ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കമ്മിഷണർ ടി. നാരായണൻ, എ.സി.പി പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഈസ്റ്റ് സി.ഐ രാജേഷ്, എസ്.ഐമാരായ മനോജ്, ബിജു, രാജമോഹൻ, എ.എസ്.ഐ റോജിൻ, എസ്.സി.പി.ഒ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.