photo
ഇളമ്പളശ്ശേരിൽ കുളം

കരുനാഗപ്പള്ളി: തകർന്ന കരിങ്കൽ ഭിത്തി പുനർനിർമ്മിച്ച് ഇളമ്പളിശ്ശേരിൽ കുളം സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസുകളിൽ ഒന്നാണ് ഇളമ്പളിശ്ശേരിൽ കുളം. ആദിനാട് തെക്ക്, മഠത്തിൽമുക്ക്, കപ്പലണ്ടിമുക്ക്, വാഴക്കൂട്ടത്തിൽക്കടവ്, ആലുംകടവ്, ആലപ്പാട് എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇളമ്പളിശ്ശേരിൽ കുളമാണ്. കൊടും വേനലിൽ പോലും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുളത്തിൽ വെള്ളം പൂർണമായും വറ്റാറില്ല. 15 വർഷങ്ങൾക്ക് മുമ്പാണ് കുളം കരിങ്കൽ ഭിത്തി നിർമ്മിച്ച് സംരക്ഷിച്ചത്. ഇതിന് ശേഷം ഒരിക്കൽ പോലും സംരക്ഷണ ഭിത്തിയിൽ അറ്റുകുറ്റപ്പണി നടത്തിയിട്ടില്ല. ഇതാണ് കുളത്തെ നാശത്തിലേക്ക് നയിക്കുന്നത്.

കരിങ്കൽ ഭിത്തി നിർമ്മിച്ചിട്ട്: 15 വർഷം

നാട്ടുകാർ പറയുന്നു

ജലസേചനത്തോടൊപ്പം മത്സ്യക്കൃഷിക്കും കുളം അനുയോജ്യമാണ്. കുളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സംരക്ഷണ ഭിത്തി പുനർ നിർമ്മിച്ചാൽ ഏറെ പ്രയോജനകരമാകും. ത്രിതല പഞ്ചായത്തുകൾ ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണം.

കരിങ്കൽ ഭിത്തി

നിലവിൽ കരിങ്കൽ ഭിത്തിയുടെ സിമന്റ് ഇളകി പാറകൾ അടർന്ന് വീഴുകയാണ്. സുനാമി ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനായി സർക്കാർ വസ്തു വിലയ്ക്ക് വാങ്ങിയപ്പോൾ കുളം കൂടി ഏറ്റെടുക്കുകയായിരുന്നു. സുനാമി പുനരധിവാസ കോളനിയുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് കുളം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചത്.

മാലിന്യനിക്ഷേപം

രാത്രിയിൽ ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുളത്തിൽ തള്ളാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും പ്രദേശവാസികൾ ആശ്രയിച്ചിരുന്ന കുളം മാലിന്യനിക്ഷേപത്തോടെയാണ് മലിനമായത്. ഇതോടെ നാട്ടുകാർ കുളത്തിലെ വെള്ളം ഉപയോഗിക്കാതായി. സുനാമി കോളനിയിലെ താമസക്കാർ പോലും കുളത്തിലെ വെള്ളം ഉപയോഗിക്കാറില്ല. നിലവിൽ കുളത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് കിടക്കുകയാണ്.