പൊലീസ് പരിശോധന കർശനമാക്കണമെന്ന് നാട്ടുകാർ
പത്തനാപുരം: പിടവൂർ മേഖലയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാവുകയാണെന്നും വീടിന് പുറത്തിറങ്ങാനോ വഴി നടക്കാനോ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാരുടെ പരാതി. പത്തനാപുരം, കുന്നിക്കോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പിടവൂർ, ആശാഭവൻ, പ്ലാക്കാട് തരിയൻ തോപ്പ്, സത്യൻ മുക്ക് തുടങ്ങിയ മേഖലകളിലാണ് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ മദ്യപസംഘത്തിന്റെ ശല്യം വർദ്ധിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. വീട്ടുമുറ്റത്ത് മദ്യക്കുപ്പികൾ വലിച്ചെറിയുക, റോഡിന്റെ വശങ്ങളിലിരുന്ന് പരസ്യമായി മദ്യപിക്കുക, ബൈക്കുകളിൽ സംഘമായെത്തി അസഭ്യം പറയുക തുടങ്ങിയവ സ്ഥിരംസംഭവമായി മാറുകയാണ്. ട്രാൻസ്ഫോർമറിൽ നിന്നുള്ള ഫ്യൂസ് കണക്ഷൻ വിശ്ചേദിച്ച ശേഷമാണ് രാത്രിയിൽ സാമൂഹ്യവിരുദ്ധർ ആക്രമണങ്ങൾ നടത്തുന്നത്.
സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചു വരുകയാണ്. രാത്രിയും പകലും പൊലീസ് പരിശോധന കർശനമാക്കണം
ജേക്കബ് ജോർജ്ജ് നെല്ലിമൂട്ടിൽ (പ്രദേശവാസി )
പ്രദേശത്ത് നടന്നിട്ടുള്ള മോഷണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ശരിയായ അന്വഷണം നടത്തണം. മദ്യപ സംഘത്തിന്റെ അക്രമം ദിനംപ്രതി വർദ്ധിക്കുകയാണ്.
ഷിബു എബ്രഹാം കൊന്നയിൽ (കേരളകൗമുദി പത്രം ഏജന്റ്)
കുളിക്കടവിലും രക്ഷയില്ല
സാമൂഹ്യവിരുദ്ധ ശല്യം മൂലം തിരയൻ തോപ്പ് കുളിക്കടവിൽ സ്ത്രീകൾക്ക് കുളിക്കാനോ തുണി അലക്കാനോ കഴിയാത്ത അവസ്ഥയാണ്. പല തവണ പൊലീസിൽ പരാതി നല്കിയെങ്കിലും വേണ്ട രീതിയിൽ പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ദിവസങ്ങൾക്ക് മുൻപ് ദേവാലയങ്ങളും വീടുകളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലും ഇതുവരെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ പ്രദേശങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രിയുടെ മറവിൽ അക്രമം
കഴിഞ്ഞ ആഴ്ച മദ്യപസംഘം പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകൾ നശിപ്പിച്ചിരുന്നു. തര്യൻതോപ്പ് കടവിലെ തൂക്ക് പാലം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്. ട്രാൻസ്ഫോർമറിൽ നിന്നുള്ള ഫ്യൂസ് കണക്ഷൻ വിശ്ചേദിച്ച ശേഷമാണ് രാത്രിയിൽ മദ്യപസംഘം ആക്രമണം നടത്തുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സിറിഞ്ചുകൾ കല്ലട ആറ്റിലേക്ക് വലിച്ചെറിയുന്നതായും നാട്ടുകാർ പറയുന്നു.