പുനലൂർ: സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾ നേടിയ തെന്മല ഗ്രാമപഞ്ചായത്തിന് ക്ഷീര വകുപ്പിന്റെ സംസ്ഥാനതല പുരസ്കാവും ലഭിച്ചതോടെ പഞ്ചായത്ത് ദേശീയശ്രദ്ധയാകർഷിക്കുന്നു. 2019-2020 സാമ്പത്തിക വർഷത്തിൽ ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് തുക ചെലവഴിച്ചതിനുള്ള പുരസ്കാരമാണ് പഞ്ചായത്തിന് ലഭിച്ചത്. തിരുവനന്തപുരത്തെ കനകക്കുന്നിൽ നടന്ന സംസ്ഥാനതല ക്ഷീരസംഗമത്തിൽ മന്ത്രി കെ.രാജു പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജയ്ക്ക് പുരസ്കാരം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥപിള്ള, പഞ്ചായത്ത് അംഗം എ.ജോസഫ് എന്നിവരും പ്രസിഡന്റിനൊപ്പം എത്തിയിരുന്നു. പാൽ ഉല്പാദന രംഗത്ത് പഞ്ചായത്ത് സ്വയം പര്യാപ്ത നേടിയതിനുള്ള അംഗീകാരം കൂടിയാണ് പുരസ്കാര നേട്ടം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ അടക്കം നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.