കൊല്ലം: മൺറോതുരുത്തുകാർ കാലങ്ങളായി കാത്തിരിക്കുന്ന പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ അംഗീകരിക്കൽ നടപടികൾ നീളുന്നു. ധനകാര്യ വകുപ്പിന്റെ അനുമതിക്ക് അയച്ച ഫയൽ ഇപ്പോൾ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇനി വകുപ്പ് സെക്രട്ടറി പരിശോധിച്ച ശേഷം പൊതുമരാമത്ത് വകുപ്പിൽ മടങ്ങിയെത്തുന്ന ഫയൽ ഒരുപക്ഷേ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കും അയച്ചേക്കും.
ഉദ്യോഗസ്ഥർക്ക് ഭയം ?
ടെണ്ടർ അംഗീകാരത്തിനുള്ള ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലെത്തിയിട്ട് ഇപ്പോൾ ഒരുമാസം പിന്നിടുകയാണ്. പാലാരിവട്ടം പാലം അഴിമതി പ്രശ്നം നിൽക്കുന്നതിനാൽ ഉദ്യോഗസ്ഥർ ഭയന്നാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്തിമ തീരുമാനം മന്ത്രിസഭയ്ക്ക് വിടാനാണ് സാദ്ധ്യത.
എസ്റ്റിമേറ്റിനേക്കാൾ 12.5 ശതമാനം അധികം
പലതവണ ടെണ്ടർ ചെയ്ത ശേഷമാണ് പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ കഴിഞ്ഞ ഡിസംബർ പകുതിയോടെ ഏകദേശം കരയ്ക്കടുത്തത്. പക്ഷേ ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റ് നിരക്കിനെക്കാൾ 12.5 ശതമാനം ഉയർന്ന് നിന്നതാണ് വീണ്ടും വിനയായത്. എസ്റ്റിമേറ്റിനേക്കാൾ 10 ശതമാനം മാത്രമായിരുന്നു അധികമെങ്കിൽ നിർവഹണ ഏജൻസിക്ക് ടെണ്ടർ അംഗീകരിക്കാമായിരുന്നു.
എസ്റ്റിമേറ്റ് 36.47 കോടി രൂപ
ഏറ്രവും കുറഞ്ഞ ടെണ്ടർ തുക 41.22 കോടി രൂപ
പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം..
നീളം: 424 മീറ്റർ
വീതി: 11 മീറ്റർ
തൂക്കുപാലത്തിന്റെ മാതൃക
സ്പാനുകൾ തമ്മിലുള്ള അകലം: കായലിൽ 70 മീറ്റർ, കരയോട് ചേർന്നുള്ള ഭാഗത്ത് 30 മീറ്റർ
രൂപരേഖയിലെ പ്രത്യേകത: തൂണുകൾ തമ്മിൽ സൈലോൺ കേബിളുകൾ ഉപയോഗിച്ച് ബന്ധനം
'' ഉടൻ തന്നെ ടെണ്ടർ അംഗീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. ഫയൽ ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.''
എം. മുകേഷ് എം.എൽ.എ