fire
അഞ്ചാലുംമൂട്ടിൽ സ്വകാര്യവ്യക്തിയുടെ അഞ്ചരയേക്കർ സ്ഥലത്ത് തീ പിടിച്ചപ്പോൾ ഉയരുന്ന പുക

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് -താന്നിക്കമുക്ക് റോഡിൽ ശാസ്‌തോലി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അഞ്ചരയേക്കർ സ്ഥലത്തെ ഉണങ്ങിയ പുല്ലുകൾക്കും കുറ്റിച്ചെടികൾക്കും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10 .30 ഓടെയാണ് സംഭവം. പുരയിടത്തിലെ പുല്ലുകൾക്ക് തീ പിടിച്ചതോടെ പ്രദേശം മുഴുവൻ പുകപടലം കൊണ്ട് നിറഞ്ഞു. പുരയിടം ഉയരത്തിലുള്ള മതിൽക്കെട്ടിനകത്തായതിനാൽ തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് തീ പടർന്നില്ല. കടപ്പാക്കട, ചാമക്കട നിലയങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് അഗ്നിശമന വാഹനങ്ങളെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതേ സ്ഥലത്ത് 24 ന് രാത്രി 9 ന് തീപിടിത്തമുണ്ടായിരുന്നു. അന്ന് അഗ്നിശമന സേനയുടെ വാഹനം മതിലിനോട് ചേർത്തിട്ട് അതിനുമുകളിൽ കയറിനിന്നാണ് തീകെടുത്തിയത്.