അഞ്ചാലുംമൂട്: വേനൽ കടുത്തതോടെ തീപിടിത്തങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ജില്ലയിലെ അഗ്നിശമന നിലയങ്ങളിലെ കണക്കുകൾ പ്രകാരം ഓരോ ഫയർ യൂണിറ്റുകളിൽ നിന്നും പ്രതിദിനം ചെറുതും വലുതുമായ ആറോളം തീപിടിത്തങ്ങൾ കെടുത്താനായി ഉദ്യോഗസ്ഥർ നെട്ടോട്ടമോടുകയാണ്.
വേനൽക്കാലത്ത് മാലിന്യനിക്ഷേപങ്ങൾക്കും ചവറുകൾക്കുമാണ് നിരന്തരം തീപിടിത്തം ഉണ്ടാകുന്നത്. നഗരത്തിൽ ആണ്ടാമുക്കം പാർക്കിംഗ് ഏരിയയിലെ മാലിന്യക്കൂനയ്ക്ക് പിടിച്ച തീ അണയ്ക്കുന്നതിന് മാത്രം നാല് ദിവസങ്ങളിലായി ഒന്നര ലക്ഷം ലിറ്റർ ജലമാണ് വേണ്ടിവന്നത്. പലയിടങ്ങളിലും ആളുകൾ മനഃപൂർവ്വം തീയിടുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കനൽ ഒരു തരി മതി... സൂക്ഷിക്കുക
കുന്നുകൂടുന്ന ചവറിനും ഉണങ്ങിയ കരിയിലകൾക്കും തീപിടിക്കാൻ ചെറിയൊരു തീപ്പൊരി മതിയാകും. പലരും ചവറുകൾ കത്തിക്കുന്നത് ഉച്ചസമയങ്ങളിലാണ്. ശക്തമായ കാറ്റുള്ളതിനാൽ തീ ആളിപ്പടരാനുള്ള സാഹചര്യം വളരെക്കൂടുതലാണ്. ജില്ലയിൽ വിവിധയിടങ്ങളിലായി ഇതുവരെ നടന്ന തീപിടിത്തങ്ങളിൽ പലതും പൊതുജനങ്ങളുടെ അശ്രദ്ധ മൂലമാണെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. ജീവൻ പോലും നഷ്ടമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കർശന നിർദ്ദേശങ്ങളാണ് സേനാംഗങ്ങൾ നൽകുന്നത്.
കരുതുക, ഒരു ബക്കറ്റ് വെള്ളം
ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ സമീപത്ത് തന്നെ ഒരു ബക്കറ്റ് വെള്ളം ഒപ്പം കരുതണം. ചെറിയ അശ്രദ്ധ മൂലം തീ ആളിപ്പടരാനും നാശനഷ്ടമുണ്ടാകാനും ഇടയുണ്ട്. അതിനാൽ നിയന്ത്രണ വിധേയമായി തീ കത്തിക്കുന്നതാണ് അഭികാമ്യം. തീ പടരുന്നത് കണ്ടാൽ ബക്കറ്റിലെ വെള്ളം ഉപയോഗിച്ച് കെടുത്തണം. പൂർണമായും തീ കെട്ടതിന് ശേഷം മാത്രമേ അവിടം വിട്ടുപോകാവൂ.
ചവറുകൾക്കുള്ളിൽ ബോഡിസ്പ്രേ പോലുള്ളവയുടെ കുപ്പികളുണ്ടെങ്കിൽ അവ പൊട്ടിത്തെറിക്കാനും സമീപത്ത് നിൽക്കുന്നവർക്ക് ഗുരുതരമായ പൊള്ളലേൽക്കാനും ചിലപ്പോൾ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ആയതിനാൽ തീയിടുന്ന സ്ഥലത്ത് നിന്ന് ആവശ്യത്തിന് അകലം പാലിച്ച് വേണം നിൽക്കേണ്ടത്.
വീടിന് ചുറ്റും വേണം ഫയർ ബ്രേക്ക്
വീട്, കന്നുകാലി തൊഴുത്ത്, വിറക് പുരകൾ എന്നിവയ്ക്ക് ചുറ്റും ഫയർ ബ്രേക്ക് ഒരുക്കുന്നത് തീപടരുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും. ചുറ്റിലും രണ്ട് മീറ്റർ വീതിയിൽ കരിയിലകൾ, ഉണങ്ങിയ വസ്തുക്കൾ ഉൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഒഴിവാക്കിയാണ് ഫയർ ബ്രേക്ക് സംവിധാനം ഒരുക്കേണ്ടത്.
ശ്രദ്ധിക്കണം, വാഹനങ്ങളുടെ ബാറ്ററിയും ഉൾവശവും
വേനൽക്കാലത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നത് സാധാരണയാണ്. വാഹനങ്ങളുടെ ബാറ്ററി സെല്ലുകൾക്കുള്ളിൽ വെള്ളമുണ്ടെന്ന് ഉറപ്പുവരുത്തണം. സെല്ലുകൾ ഉണങ്ങുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം. വെയിലുള്ള സ്ഥലങ്ങളിൽ കാറുകൾ പാർക്ക് ചെയ്യുമ്പോൾ കാറിനുള്ളിൽ മർദ്ദം കൂടുന്നത് ഒഴിവാക്കണം. വിൻഡോ ഗ്ലാസ് അൽപ്പം താഴ്ത്തിയിട്ടാൽ ഉള്ളിലെ ചൂട് കുറയ്ക്കാനാകും.
..................................................
''ചവറുകൾ കൂട്ടിയിട്ട് കത്തിച്ച് തീപിടിത്തമുണ്ടായി അഗ്നിശമന സേനയുടെ സേവനം ഉപയോഗപ്പെടുത്തുമ്പോൾ മറ്റൊരിടത്ത് അപകടത്തിൽപ്പെട്ട് മരണവുമായി മല്ലടിക്കുന്ന ഒരു മനുഷ്യനെ രക്ഷപെടുത്തുന്നതിനുള്ള അവസരമാണ് സേനയ്ക്ക് നഷ്ടമാകുന്നത്. അശ്രദ്ധമായി ചവറുകൾ കത്തിക്കാതെ മുൻകരുതലുകൾ സ്വീകരിച്ചാൽ സേനയ്ക്ക് ഓടിയെത്തേണ്ട ആവശ്യമുണ്ടാകുന്നില്ല. അതിലൂടെ ഗുരുതരമായ പ്രശ്നങ്ങളിൽ ഇടപെടാൻ സേനയ്ക്കാകും. പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിച്ചാൽ മാത്രം വേനൽക്കാല തീപിടിത്തങ്ങളിൽ പലതും ഒഴിവാക്കാൻ കഴിയും.''
സാബുലാൽ, അസി. സ്റ്റേഷൻ ഓഫീസർ, അഗ്നിശമന നിലയം, ചാമക്കട