കൊല്ലം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജില്ലയിൽ ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി വാക്‌സിൻ കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ 1,10,542 പശുക്കളെയും 8658 എരുമകളെയും കുത്തിവയ്പിന് വിധേയമാക്കും. മാർച്ച് 23 വരെയുള്ള മൂന്നാഴ്ച കാലമാണ് കാമ്പയിൻ. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്‌ക്വാഡുകളായി കർഷകരുടെ വീടുകൾ സന്ദർശിച്ചാണ് കുത്തിവയ്പ് നടത്തുക. 140 സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. കുത്തിവയ്പ് പൂർണ്ണമായും സൗജന്യമാണ്.
കുത്തിവയ്പ് കഴിഞ്ഞ ഉരുക്കൾക്ക് തിരിച്ചറിയൽ രേഖയായി കമ്മലുകൾ പതിപ്പിക്കും.
കുത്തിവയ്പ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ള കർഷകർക്ക് പ്രാദേശിക വെറ്ററിനറി സർജൻമാരുമായി ബന്ധപ്പെടാം. ജില്ലാ കോഓർഡിനേറ്റർ ഡോ.കെ.കെ.തോമസ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ ബി.ഷൈലജ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.സുജ.റ്റി.നായർ, അസി. ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, ഡോ.ജ്യോതി എന്നിവർ സംസാരിച്ചു.