photo
ഡോഗ് സ്ക്വോഡ് മോഷണം നടന്ന വീടിനുള്ളിൽ പരിശോധന നടത്തുന്നു.

കുണ്ടറ: ആളില്ലാത്ത വീട്ടിൽ മോഷണം നടന്നതായി പരാതി. ഇളമ്പള്ളൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സമീപമുള്ള കല്ലട ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി ക്ലാർക്കായ എസ്. ജഗദീപിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി 1.30നാണ് സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ സ്വർണവും ഇരുപതിനായിരം രൂപയും കുട്ടികളുടെ വഞ്ചിയും നഷ്ടപ്പെട്ടതായി ജഗദീപ്‌ പറഞ്ഞു. ജോലിയുടെ ഭാഗമായി ജഗദീപ് അഞ്ച് ദിവസമായി തൃശൂരിലായതിനാൽ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. ഇന്നലെ രാത്രി 1.30ന് പാലരുവി പുനലൂർ ട്രെയിനിൽ തിരിച്ചെത്തിയ ജഗദീപ്‌ വീട്ടിലെത്തിയപ്പോൾ വീടിന്റെ കതക് തുറന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളെ വിളിച്ച് വരുത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. വീടിന്റെ സമീപത്തെ കാർ വിൽപ്പന കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ രാത്രി ഒന്നിന് വീടിന്റെ കാർപോർച്ചിൽ ഒരാൾ നിൽക്കുന്നത് കണ്ടെന്നും എന്നാൽ അത് ജഗദീപാണെന്ന് കരുതി കൂടുതൽ ശ്രദ്ധിച്ചില്ലെനും പൊലീസിനോട് പറഞ്ഞു. കൊല്ലത്ത് നിന്നും ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.