c
എഴുകോൺ സർവീസ് സഹകരണ ബാങ്ക്

കൊല്ലം: എഴുകോൺ സർവീസ് സഹകരണബാങ്കിൽ വായ്പാ ഇടപാടിൽ വൻ തട്ടിപ്പ് നടന്നതായി സൂചന.ബാങ്ക് സെക്രട്ടറി അടക്കം നാലു ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സെക്രട്ടറി നിർബന്ധിത അവധിയിൽ പ്രവേശിച്ചു. രണ്ടുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് സൂചന. വകുപ്പുതല ഉദ്യോഗസ്ഥർ കണക്കെടുപ്പും പരിശോധനയും ആരംഭിച്ചു.

വായ്പ എടുക്കുന്നവരിൽ നിന്ന് ഈടായി വാങ്ങുന്ന പ്രമാണം ഉപയാേഗിച്ച് അവരറിയാതെ വൻതുക വായ്പയായി എഴുതിമാറ്റിയ ക്രമക്കേടാണ് കണ്ടെത്തിയതെന്ന് അറിയുന്നു.

വായ്പയെടുക്കുന്നയാൾ ആവശ്യപ്പെട്ട തുക മാത്രം നല്കുകയും അധികമായി അനുവദിച്ച തുക ബാങ്കുമായി ബന്ധപ്പെട്ടവർ പങ്കിട്ടെടുക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇതുകാരണം വായ്പ അടച്ചുതീർത്താലും പ്രമാണങ്ങൾ തിരികെ നൽകുന്നില്ലെന്നാണ് പരാതി. വായ്പകൾ അനുവദിക്കണമെങ്കിൽ ഭരണസമിതിയുടെ അനുമതി വേണം. സി. പി. എമ്മിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. വകുപ്പുതല നടപടിക്കു പുറമെ പൊലീസും കേസെടുത്തേക്കും. ക്രമക്കേട് നടത്തിയ തുക ജീവനക്കാരെ കൊണ്ടു തിരിച്ചടപ്പിച്ച് കേസും മറ്റ് നടപടികളും ഒഴിവാക്കാനുള്ള ശ്രമവും നടക്കുണ്ട്.

ക്രമക്കേടില്ലെന്ന് ബാങ്ക് പ്രസിഡന്റ്

ബാങ്കിൽ ക്രമക്കേട് നടന്നു എന്ന് പറയുന്നത് തികച്ചും തെറ്റാണ്. സ്വകാര്യ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ബാങ്ക് പ്രവർത്തിക്കുന്നത്. അതിനാൽ നാഷണലൈസ്‌ഡ് ബാങ്കുകളുടെ അത്ര കാര്യക്ഷമത ലഭിക്കില്ല. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കാരണം ചിലപ്പോൾ മറ്റ് ബ്രാഞ്ചുകളിൽ നിന്നുള്ള ട്രാൻസാക്ഷൻ അപ്ഡേറ്റ് ആകാൻ സമയം എടുക്കുന്നതും തെറ്റുകൾ സംഭവിക്കാൻ കാരണമാകാറുണ്ട്. വർഷാവർഷം നടക്കുന്ന ഓഡിറ്റിംഗ് പ്രവർത്തനത്തിൽ അത്തരം തെറ്റുകൾ കണ്ടെത്തുകയും അത് തിരുത്തുകയും ചെയ്തു വരാറുള്ളതാണ്.

ഗോപു കൃഷ്ണൻ

പ്രസിഡന്റ്, സർവ്വീസ് സഹകരണ ബാങ്ക്, എഴുകോൺ