c
കൊല്ലം താമരക്കുളം സപ്ലൈകോ

 പ്രധാന ഭക്ഷ്യവിഭവങ്ങൾ കിട്ടാനില്ല

 പലതിനും പൊതുവിപണിയേക്കാൾ വില

കൊല്ലം: ഭക്ഷ്യവസ്തുക്കളുടെ വില പിടിച്ചുനിറുത്താനും അവശ്യവസ്തുക്കൾ സുലഭമായി ലഭ്യമാക്കാനും വിവിധ സർക്കാർ വകുപ്പുകളുടെ കീഴിലുള്ള വില്പനശാലകൾ ജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു. വണ്ടിക്കൂലി ചെലവാക്കിയും കിലോ മീറ്ററുകളോളം നടന്നും സപ്ലൈകോയുടെയും കൗൺസ്യൂമർഫെഡിന്റെയും ഔട്ട്ലെറ്റുകളിലും റേഷൻകടകളിലുമെത്തുന്നവർ നിരാശരായാണ് മടങ്ങുന്നത്. 'എന്തിന് തുറന്നുവച്ചിരിക്കുന്നു, അടച്ചുപൂട്ടിക്കൂടെ' എന്നാണ് പല ഉപഭോക്തക്കളുടെയും ചോദ്യം.

സപ്ലൈകോയിൽ ഒഴിഞ്ഞ അലമാരമകളും കൊടും കൊള്ളയും

സപ്ലൈകോയിൽ പല ഭക്ഷ്യവസ്തുക്കളും മാസങ്ങളായി കിട്ടാനില്ല. ഉള്ള പല സാധനങ്ങൾക്കും പൊതുവിപണിയിലേതിന്റെ ഇരട്ടിയോളം വിലയാണ്. ജില്ലയിലെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ പച്ചരിയും മുളകും മാസങ്ങളായില്ല. നേരത്തെ കാർഡൊന്നിന് ഒരു കിലോ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകിയിരുന്നത് ഇപ്പോൾ അര കിലോയായി വെട്ടിക്കുറച്ചെന്ന് മാത്രമല്ല ഓരോ ഔട്ട്ലെറ്റിനും 200 പായ്ക്കറ്റ് മാത്രമാണ് നൽകുന്നത്. ഇത് ഒരുദിവസം കൊണ്ട് വിറ്റ് തീരും. ഫലത്തിൽ മാസത്തിൽ ഒരു ദിവസമേ വെളിച്ചെണ്ണ കിട്ടൂ.

കൊച്ചുള്ളി, വെളുത്തുള്ളി, ചെറുപയർ, പഞ്ചസാര, കടല, തുവര, വൻപയർ, മുളക് എന്നിവയ്ക്ക് സബ്സിഡി ഇതര വില പൊതുവിപണിയേക്കാൾ കൂടുതലാണ്. ഫലത്തിൽ സപ്ലൈകോ തുച്ഛമായ അളവിൽ ചില ഇനങ്ങൾക്ക് സബ്സിഡി നൽകിയ ശേഷം സബ്സിഡി ഇതര നിരക്കായി വൻതുക ഈടാക്കി ഉപഭോക്താക്കളുടെ കീശ കൊള്ളയടിക്കുകയാണ്.

 സപ്ലൈകോയിലെ കൊള്ള ഇങ്ങനെ

ഇനം സപ്ലൈകോയിലെ സബ്സിഡി ഇതര വില, പൊതുവിപണിയിലെ വില

അരി 36 35 (സെവൻ സ്റ്റാർ ജയ)

കൊച്ചുള്ളി 46.80 40

വെളുത്തുള്ളി 218 100-160

സവാള 34 33

ചെറുപയർ 101 100

പഞ്ചസാര 37 36

വൻപയർ 72 62

ഉഴുന്ന് 104 92

കടല 60(നിലവാരമില്ല) 52

മല്ലി 96 80

 സബ്സിഡി അളവ് വെട്ടിക്കുറച്ചത്

ഇനം നേരത്തെ ഇപ്പോൾ

വെളിച്ചെണ്ണ 1കിലോ 500 ഗ്രാം

വൻപയർ 1കിലോ 500 ഗ്രാം

കടല 2 കിലോ 1 കിലോ

തുവരൻ പരിപ്പ് 1 കിലോ 1 കിലോ

ചെറുപയർ 2 കിലോ 1 കിലോ

 വെളുത്തുള്ളിയിലും അഴിമതി?

ഡിപ്പോ പർച്ചെയ്സിലെ അഴിമതിയാണ് സപ്ലൈകോയിൽ വെളുത്തുള്ളിക്ക് ഇത്രയധികം വില ഉയരാൻ കാരണമെന്ന് ആരോപണമുണ്ട്.

കൺസ്യൂമർഫെഡിൽ

ജില്ലയിലെ ഒട്ടുമിക്ക കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും സവാളയും വെളുത്തുള്ളിയും കൊച്ചുള്ളിയുമില്ല. വിപണി ഇടപെടൽ നടത്തേണ്ട കൺസ്യൂമർഫെഡ് സവാളയുടെയും വെളുത്തുള്ളിയുടെയും വില കുതിച്ചുയർന്നപ്പോൾ ഇവയൊന്നും ലഭ്യമാക്കാൻ തയ്യാറാകാതെ മാറി നിൽക്കുകയായിരുന്നു. വീട്ടുസാധനങ്ങൾ വാങ്ങാനെത്തുന്നവർ പല ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നിന്നും കാലിക്കവറുകളുമായാണ് മടങ്ങുന്നത്.

റേഷൻകടയിൽ ഏപ്പോഴും ദാരിദ്ര്യം

ഭക്ഷ്യസുരക്ഷാ നിയമം നടപ്പായി വർഷങ്ങളായിട്ടും റേഷൻകടകളിലെ ദാരിദ്ര്യം മാറിയിട്ടില്ല. ഏപ്പോൾ

റേഷൻകടയിൽ ചെന്നാലും സാധനങ്ങൾ എത്തിയില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ മടക്കി അയയ്ക്കുകയാണ്. പച്ചരി കിട്ടിയിട്ട് മാസങ്ങൾ പലതായി. ഒന്നിനും തികയാത്ത തരത്തിൽ പേരിന് മാത്രമാണ് പഞ്ചസാരയും മണ്ണെണ്ണയും കിട്ടുന്നത്.

 ജില്ലയിൽ

റേഷൻ കടകൾ: 1418

കൺസ്യൂമർഫെഡ് ത്രിവേണി സ്റ്റോറുകൾ: 25