kollam-

കൊട്ടിയം: കൊല്ലം പള്ളിമണിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ആറുവയസുകാരിയെ പൊടുന്നനെ കാണാതായി.‌ ഓടനാവട്ടം കുടവട്ടൂർ ദീപസദനത്തിൽ സി.പ്രദീപിന്റെയും ധന്യയുടെയും മകൾ ദേവനന്ദയെ (പൊന്നു) അമ്മ വീടായ പള്ളിമൺ ഇളവൂർ ധനീഷ് ഭവനിൽ നിന്നാണ് കാണാതായത്. വാക്കനാട് സരസ്വതി വിദ്യാനികേതനിൽ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.

വീട്ടിൽ ധന്യയും മകളും ആറുമാസമായ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധന്യയുടെ മാതാപിതാക്കൾ ഈ സമയം പുറത്തേക്കു പോയിരുന്നു. മകൾ ഒറ്റയ്ക്ക് മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി. കുറച്ചുനേരം കഴിഞ്ഞ് മകളുടെ ഒച്ചയും അനക്കവും കേൾക്കാത്തതിനെ തുടർന്ന് വന്നുനോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. പരിഭ്രാന്തിയിലായ ധന്യ പരിസരം മുഴുവൻ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ധന്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും മറ്റും പരിസരത്തും നൂറു മീറ്റർ അകലെയുള്ള പള്ളിക്കലാറിന്റെ തീരത്തും തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.

വിവരം അറിഞ്ഞെത്തിയ കണ്ണനല്ലൂർ പൊലീസ് വ്യാപകമായി തെരച്ചിൽ തുടങ്ങി. വീട്ടിലെത്തി മണംപിടിച്ച പൊലീസ് നായ ആറിന് കുറുകേയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ എത്തിയശേഷം മടങ്ങിപ്പോന്നു. ഇതോടെ ഫയർ ഫോഴ്സിനെ വരുത്തി. മുങ്ങൽ വിദഗ്ദ്ധർ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കുട്ടിയെ കാണാനില്ലെന്ന വിവരം സോഷ്യൽ മീഡിയയിലും പ്രചരിച്ചു. തട്ടിക്കൊണ്ടു പോയെന്ന നിലയിലായിരുന്നു പ്രചാരണം. ഇതോടെ നാടെങ്ങും ജാഗ്രതയിലായി. ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും നിരീക്ഷണത്തിലായി. വാഹനങ്ങളും പൊലീസ് പരിശോധിക്കാൻ തുടങ്ങി. കുട്ടിയുടെ തിരോധാനത്തെ തുടർന്ന് ധന്യയുടെ വീട്ടിലേക്ക് ജനപ്രവാഹമായി.

ഇളയ കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ധന്യ പള്ളിമണിലെ കുടുംബവീട്ടിൽ തങ്ങുന്നത്. ദേവനന്ദ ഇവിടെ നിന്നാണ് സ്കൂളിലേക്ക് പോയിരുന്നത്. പിതാവ് പ്രദീപ് ഗൾഫിലാണ്. ആശങ്കയുടെ നിമിഷങ്ങൾ പിന്നിടുമ്പോഴും ജനക്കൂട്ടവും പൊലീസും ഉറങ്ങാതെ ദേവനന്ദയ്ക്കായി തെരച്ചിൽ തുടരുകയാണെന്ന് ചാത്തന്നൂർ എ.സി. പി ജോർജ് കോശി പറഞ്ഞു.

ബാ​ലാ​വ​കാ​ശ ക​മ്മിഷൻ കേ​സെ​ടു​ത്തു

തിരുവനന്തപുരം: കുട്ടിയെ കാ​ണാ​തായ സംഭവത്തിൽ ബാ​ലാ​വ​കാ​ശ ക​മ്മിഷൻ ചെ​യർ​മാൻ പി. സു​രേ​ഷ് സ്വ​മേ​ധ​യാ​ കേ​സെ​ടു​ത്തു. പൊ​ലീ​സ്‌ മേ​ധാ​വി, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ടർ, ജി​ല്ലാ ക​ള​​ക്ടർ, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സർ എ​ന്നിവരോട് കമ്മിഷൻ റി​പ്പോർ​ട്ട് തേടി. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്റെ​യും അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ​യും വാർ​ത്ത​കൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യിൽ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും പൊ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത പു​ലർ​ത്ത​ണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

കുട്ടിയുടെ ലുക്ക് ഔട്ട്‌നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചു. അന്വേഷണത്തിന് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ 50അംഗ പ്രത്യേക സംഘം രൂപീകരിച്ചു. സംഘത്തിൽ സൈബർ വിദഗ്ദ്ധരുമുണ്ട്.സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി.