കൊല്ലം: ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. വീടിനുള്ളിലെ ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതിൽ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ ആറ്റിലേക്ക് എത്താനുള്ള സാദ്ധ്യതകൾ വളരെ കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തീർത്തും ഗ്രാമ പ്രദേശമാണിവിടം. ഒരു ഭാഗത്തേക്ക് തിരിഞ്ഞാൽ റോഡിലേക്കും മറുവശത്തേക്കുള്ള വഴി ആറ്റിലേക്കും മറ്റൊരുവഴി പൊന്തക്കാടുകളിലേക്കുമാണെത്തുക. വീടിനകത്തുണ്ടായിരുന്ന കുട്ടി ഈ ഭാഗത്തേക്ക് സ്വയം ഇറങ്ങി നടക്കേണ്ട സാഹചര്യമില്ല. രണ്ട് വർഷം മുൻപ് കുട്ടി ഇങ്ങനെ നടന്നുപോയിട്ടുണ്ടെങ്കിലും പിന്നീട് തീർത്തും പക്വതയോടെയാണ് ഇടപെട്ടിരുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
അമ്മയോട് പറയാതെ ഒരു കാരണവശാലും ആറ്റു തീരത്തേക്ക് പോകാനുമിടയില്ല. ആ നിലയിൽ മറ്റേതെങ്കിലും തരത്തിൽ സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്. മുതിർന്നവർ പോലും പോകാൻ മടിക്കുന്ന ഭാഗത്തേക്ക് കുട്ടി ഒറ്റയ്ക്ക് പോകില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് മൃതദേഹം കണ്ടെത്തിയ സമയം മുതൽ നാട്ടുകാർ പറയുന്നത് കുട്ടിയെ അപായപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ്. വെള്ളം കുടിച്ചാണ് മരണമെന്ന് സംശയിക്കുന്നു. മൃതദേഹം തടിച്ച് വീർത്തിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം അപായപ്പെടുത്തിയതാകാമെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം, ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ വ്യക്തത വരുത്താൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.