കൊല്ലം: നാട്ടുകാരുടെ ഇഷ്ടക്കാരിയായ കിലുക്കാംപെട്ടിയാണ് ദേവനന്ദ. ഇത്രപെട്ടെന്ന് ആ കുഞ്ഞുജീവൻ വിട്ടകന്നുപോയതിന്റെ സങ്കടക്കടലിലാണ് നാടുമുഴുവൻ. പാട്ടും ഡാൻസുമൊക്കെയായി സ്കൂളിലും താരമായി മാറിയിരുന്നു ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചപ്പോഴും ഡാൻസിൽ ദേവനന്ദ പങ്കെടുത്തിരുന്നു. കൃഷ്ണവേഷമിട്ടാണ് ആടിയത്. സമീപത്തെ ക്ഷേത്രോത്സവത്തിലും പങ്കെടുത്തിരുന്നു. പരിചയക്കാരായ വഴിയാത്രക്കാരോട് വിശേഷങ്ങൾ ചോദിക്കാറുള്ള ദേവനന്ദയോട് അയൽക്കാർക്കും പ്രത്യേക താത്പര്യമായിരുന്നു.
അനുജനുണ്ടായതോടെ ആറ് മാസമായി ഇളവൂരിലെ കുടുംബ വീട്ടിൽ ദേവനന്ദ സ്ഥിരമായുണ്ട്. എല്ലാവരുടേയും ഇഷ്ടക്കാരിയാണ്. വളരെപ്പെട്ടെന്ന് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായ വാർത്ത പരന്നതുമുതൽ നാട്ടുകാർ ചർച്ച ചെയ്യുന്നതും കുട്ടിയുടെ കുസൃതിക്കുറുമ്പുകളാണ്. പ്രതീക്ഷയോടെയാണ് എല്ലാവരും ഇന്ന് നേരംവെളുപ്പിച്ചത്. എന്നാൽ രാവിലെ ഏഴരയോടെ ആ പിഞ്ച് ജീവൻ നഷ്ടപ്പെട്ട വാർത്തയാണ് എല്ലാവരിലേക്കും എത്തിയത്.
വീടിനുള്ളിലെ ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതിൽ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ ആറ്റിലേക്ക് എത്താനുള്ള സാദ്ധ്യതകൾ വളരെ കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തീർത്തും ഗ്രാമ പ്രദേശമാണിവിടം. ഒരു ഭാഗത്തേക്ക് തിരിഞ്ഞാൽ റോഡിലേക്കും മറുവശത്തേക്കുള്ള വഴി ആറ്റിലേക്കും മറ്റൊരുവഴി പൊന്തക്കാടുകളിലേക്കുമാണെത്തുക. വീടിനകത്തുണ്ടായിരുന്ന കുട്ടി ഈ ഭാഗത്തേക്ക് സ്വയം ഇറങ്ങി നടക്കേണ്ട സാഹചര്യമില്ല. രണ്ട് വർഷം മുൻപ് കുട്ടി ഇങ്ങനെ നടന്നുപോയിട്ടുണ്ടെങ്കിലും പിന്നീട് തീർത്തും പക്വതയോടെയാണ് ഇടപെട്ടിരുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
അമ്മയോട് പറയാതെ ഒരു കാരണവശാലും ആറ്റു തീരത്തേക്ക് പോകാനുമിടയില്ല. ആ നിലയിൽ മറ്റേതെങ്കിലും തരത്തിൽ സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്.
രാവിലെ 7.30ന് കുട്ടിയുടെ മൃതദേഹം ആറ്റിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം ദേവനന്ദയുടേതെന്ന് സ്ഥിരീകരിക്കാൻ അധിക സമയം വേണ്ടിവന്നില്ല. ഒരു കുട്ടിയുടെ തിരോധാനം വേദനയുളവാക്കിയപ്പോഴും ജനമനസ്സ് ഉണർന്നു പ്രവർത്തിച്ചതാണ് ഇന്നലെ കണ്ടത്. പൊലീസിന്റെ ജാഗ്രതയും കരുതലും പ്രകടമാവുകയും ചെയ്തു. ജനപ്രതിനിധികളും ജില്ലാ കളക്ടറുമടക്കം രാത്രിയിലും കുട്ടിയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. പ്രതീക്ഷകളോടെ കാത്തിരുന്നവരെല്ലാം നിരാശയായി.