കൊല്ലം: ആർ.ടി ഓഫീസിലെ വിവിധ ആവശ്യങ്ങൾ സാധിക്കാൻ സർവീസിലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. കിളികൊല്ലൂർ മാനവനഗർ 46, കാരാളിവിള വീട്ടിൽ സുഭാഷ് ദാസാണ് (39) പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റിൽ കൊല്ലം ആർ.ടി ഓഫീസിൽ നിന്ന് വർക്കലയിലേക്ക് സ്ഥലം മാറിപ്പോയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സന്നദ്ധസംഘടനാ രംഗത്ത് സജീവവുമായ ആർ.ശരത്ത്ചന്ദ്രന്റെ പേരിൽ വാട്സ്അപ്പിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ അടക്കം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ജനുവരി 13ന് കൊല്ലം ആർ.ടി ഓഫീസിൽ ലൈസൻസ് പുതുക്കാനെത്തിയ ഡീസന്റ് മുക്ക് സ്വദേശിയായ സിജു എന്ന യുവാവിൽ നിന്ന് വേഗത്തിൽ കാര്യം നടത്തിതരാമെന്ന് പറഞ്ഞ് സുഭാഷ് ദാസ് 3,000 രൂപ വാങ്ങി. ഇതിന് ശേഷം യുവാവിനെ ഫോണിൽ പലതവണ ബന്ധപ്പെട്ട് അപേക്ഷയുടെ വിവരങ്ങൾ ധരിപ്പിച്ചു. വിശ്വാസം കൂടുതലുറച്ചതോടെ സുഹൃത്തായ രതീഷിന് ലൈസൻസ് എടുക്കാനും സുഭാഷ് ദാസിനെ ഏൽപ്പിച്ചു. ഈയിനത്തിൽ 5,500 രൂപ വാങ്ങി. ഇടയ്ക്ക് വിളിച്ച് ഇരുവരോട് വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും കാര്യം നടക്കാത്തതിനാൽ നൽകിയില്ല.
മൂന്ന് ദിവസം മുൻപ് ശരത്ചന്ദ്രൻ എന്ന വ്യാജേന സുഭാഷ് ദാസ് സിജുവിനെ വിളിച്ച ശേഷം ഏജന്റ് ആവശ്യപ്പെട്ട പണം നൽകിയാൽ എത്രയും വേഗം കാര്യം സാധിച്ച് നൽകാമെന്ന് പറഞ്ഞു. സംശയം തോന്നി വാട്സ് ആപ്പിൽ പരിശോധിച്ചപ്പോൾ ശരത്ചന്ദ്രന്റെ ചിത്രമായിരുന്നു ഡിസ്പ്‌ളേ പിക്ചർ. വീണ്ടും ശരത് ചന്ദ്രൻ എന്ന വ്യാജേന വാട്സ്ആപ്പിലും വിളിച്ചു. ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നിരന്തരം വിളിച്ച് കൈക്കൂലി ആവശ്യപ്പെടുമോയെന്ന് സംശയം തോന്നിയ സിജു വകുപ്പ് ഓഫീസിൽ വിളിച്ച് നമ്പരെടുത്തതോടെ കള്ളി പൊളിയുകയായിരുന്നു. തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതറിഞ്ഞ ശരത്ചന്ദ്രൻ ഉടൻ തന്നെ വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം പുറത്തായതോടെ ഒളിവിൽ പോയ പ്രതി വ്യാഴാഴ്ച രാത്രി രഹസ്യമായി സുഹൃത്തിനെ കാണാൻ കരിക്കോട് എത്തിയപ്പോൾ വെസ്റ്റ് സി.ഐ ജി.രമേശ്, എസ്.ഐ എം.ഷൈൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.