കരുനാഗപ്പള്ളി: സുനാമി പുനരധിവാസ കോളനികൾ കേന്ദ്രീകരിച്ച് ശ്മശാനങ്ങൾ നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. 16 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച സുനാമി ദുരന്തത്തെ തുടർന്നാണ് ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള കുടുംബങ്ങളെ ടി.എസ് കനാലിന് കിഴക്ക് ഭാഗത്തേക്ക് മാറ്റി പാർപ്പിച്ചത്. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം എന്നിവിടങ്ങളിലായി 60 സുനാമി പുനരധിവാസ കോളിനകളുണ്ട്. കോളനികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഏകദേശം 1200 ഓളമാണ്. സർക്കാർ പണം നൽകി വാങ്ങിയ 4 സെന്റ് സ്ഥലത്താണ് വീടുകൾ നിർമ്മിച്ച് നൽകിയത്. രണ്ട് മുറികളും അടുക്കളയും, ബാത്ത് റൂമും, സിറ്റൗട്ടും ഉള്ളതാണ് വീടുകൾ. വീടുകൾ നിർമ്മിച്ച് കഴിഞ്ഞപ്പോൾ ഒരു തുണ്ട് ഭൂമിപോലും ശേഷിച്ചിരുന്നില്ല. ഇതാണ് കോളനി നിവാസികൾക്ക് വിനയായത്. സുനാമി പുനരധിവാസ കോളനിയിലുള്ള കുടുംബങ്ങളിൽ മരണം സംഭവിച്ചാൽ ശവ സംസ്ക്കാരം നടത്താൻ ഇടമില്ലാതെ ഇവർ വലയുകയാണ്. ഇവിടങ്ങളിലുള്ളവർ നിലവിൽ ശവസംസ്കാരം നടത്തുന്നത് ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലെ സ്ഥലത്താണ്. ചിലർ മാത്രമാണ് വീടിനോട് ചേർന്ന് ശവങ്ങൾ ദഹിപ്പിക്കുന്നത്.
കോളനി നിവാസികൾ പറയുന്നു
പുനരധിവാസ കോളനികളിലെ ജീവിതം ദുരിതപൂർണമാണ്. കുടുംബത്തിലുള്ള ആർക്കെങ്കിലും മരണം സംഭവിച്ചാൽ സംസ്ക്കരിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ആലപ്പാട്ടെ കടൽ തീരത്താണ് ശവങ്ങൾ മിക്കപ്പോഴും സംസ്ക്കരിക്കുന്നത്. ഇതിനും ഭാവിയിൽ വിലക്ക് വരും. ഇതു മനസിലാക്കി കോളിനികളോടെ ചേർന്ന് ശ്മശാനം നിർമ്മിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.
16 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച സുനാമി ദുരന്തത്തെ തുടർന്നാണ് ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള കുടുംബങ്ങളെ ടി.എസ് കനാലിന് കിഴക്ക് ഭാഗത്തേക്ക് മാറ്റി പാർപ്പിച്ചത്.
കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം എന്നിവിടങ്ങളിലായി 60 സുനാമി പുനരധിവാസ കോളിനകളുണ്ട്.
1200 ഒാളം കുടുംബങ്ങളാണ് കോളനികളിൽ താമസിക്കുന്നത്
സർക്കാർ പണം നൽകി വാങ്ങിയ 4 സെന്റ് സ്ഥലത്താണ് വീടുകൾ നിർമ്മിച്ച് നൽകിയത്.
ജീവിതം ദുരിതപൂർണം
പുനരധിവാസ കോളിനികളിലെ ജീവിതം ദുരിതപൂർണമാണ്. വീട്ടിൽ നിന്നും പുറത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത് റോഡിലേക്കാണ്. കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ ജീവിതം ദുരിതപൂർണമാവുകയാണെന്ന് കോളനി നിവാസികൾ പറയുന്നു. ഇതു മുന്നിൽ കണ്ട് സുനാമി പുനരധിവാസ കോളനികളുടെ പുനരുദ്ധാരണത്തിനായി സർക്കാർ സ്പെഷ്യൽ പാക്കേജ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
60 പുനരധിവാസ കോളനികളിൽ 12 എണ്ണത്തിൽ മാത്രമാണ് ശവസംസ്കാരത്തിനായി 2 സെന്റ് ഭൂമി മാറ്റിയിട്ടിട്ടുള്ളത്. എന്നാൽ ഇവിടെ ശവസംസ്ക്കാരം നത്തുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ല.