രണ്ടുവർഷം കഴിഞ്ഞിട്ടും വ്യക്തതയില്ല
കൊല്ലം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പ്രതിക്കൂട്ടിൽ നിറുത്തി ജില്ലയിലെ സി.പി.ഐയിൽ പുതിയ വിവാദം. കാനം രാജേന്ദ്രൻ ജനറൽ കൺവീനറായി രണ്ടുവർഷം മുമ്പ് കൊല്ലം നഗരത്തിൽ സംഘടിപ്പിച്ച പാർട്ടി കോൺഗ്രസിന്റെ വരവ് ചെലവ് കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്.
പാർട്ടി കോൺഗ്രസ് നടത്തിപ്പിന് മൂന്നുകോടിയോളം രൂപ ചെലവായെന്നാണ് ഏകദേശ കണക്ക്. പക്ഷെ സംഭാവനയായി വാങ്ങിയ പണത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല. ഏകദേശം രണ്ടര കോടിയോളം രൂപ അധികമുണ്ടെന്ന് സംസ്ഥാന നേതാക്കൾ സ്വകാര്യസംഭാഷണങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അംഗങ്ങളുടെ വീടുകളിൽ വഞ്ചികൾ സ്ഥാപിച്ച് വിഹിതം വാങ്ങിയെങ്കിലും തുച്ഛമായ തുകയേ ഉണ്ടായിരുന്നുള്ളു. സമ്മേളന നടത്തിപ്പിനായി ലോക്കൽ, മണ്ഡലം ജില്ലാ നേതൃത്വങ്ങൾക്കും വിവിധ വർഗ ബഹുജന സംഘടനകൾക്കും പുറമേ സംസ്ഥാന സെന്റർ നേരിട്ടും പണപ്പിരിവ് നടത്തിയിരുന്നു.
സി.പി.ഐ ജില്ലാ കൗൺസിലിന്റെയും സംസ്ഥാന കൗൺസിലിന്റെയും അക്കൗണ്ടുകൾ വഴി പരമാവധി ഇടപാടുകൾ നടത്തണമെന്ന് ആദ്യഘട്ടത്തിൽ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല. എല്ലാ ഇടപാടുകളും നേരിട്ടായിരുന്നു. മറ്റ് ഘടകങ്ങൾ നൽകിയ സമ്മേളനഫണ്ട് പലവട്ടം ചർച്ചയായെങ്കിലും സംസ്ഥാന സെന്റർ പിരിച്ച പണമെത്രയെന്ന് ഇതുവരെ പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
വരവ് ഇനി വേണമെങ്കിലും ഒരുപരിധി വരെ കൂട്ടിയെടുക്കാം. പക്ഷെ ചെലവ് ഒരു തരത്തിലും കണക്കാക്കാനാകാത്ത സ്ഥിതിയാണെന്ന് ജില്ലാ നേതാക്കൾ തന്നെ വെളിപ്പെടുത്തുന്നു. വിവിധ സബ് കമ്മിറ്റികൾ ആവശ്യപ്പെടുമ്പോഴെല്ലാം കൃത്യമായി രേഖപ്പെടുത്താതെ പണം നൽകുകയായിരുന്നു. സബ് കമ്മിറ്റി കൺവീനർമാരോട് ചെലവ് സംബന്ധിച്ച കണക്ക് നൽകാൻ സ്വാഗതസംഘം ഭാരവാഹികൾ ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല.
പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനായിരുന്നു സ്വാഗതസംഘത്തിന്റെ ചെയർമാൻ. മുൻ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ ട്രഷററായിരുന്നു. സി.പി.ഐയിലെ കീഴ്‌വക്കം അനുസരിച്ച് ജനറൽ കൺവീനറാണ് സ്വാഗതസംഘം വിളിച്ചുചേർത്ത് കണക്ക് അവതരിപ്പിക്കേണ്ടത്. കീഴ്ഘടകങ്ങൾ പോലും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുമ്പോൾ പാർട്ടി കോൺഗ്രസിന്റെ കണക്ക് അവതിപ്പിക്കാതിരിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.