കൊല്ലം: സംസ്ഥാനത്തെ ആർ.ടി ഓഫീസുകളിലും ജോയിന്റ് ആർ.ടി ഓഫീസുകളിലും നിലനിൽക്കുന്ന കൈക്കൂലി നിറുത്തലാക്കാൻ സി.ഐ.ടി.യു തീരുമാനം. വർഷങ്ങളായി ശ്രമിച്ച് പരാജയപ്പെട്ട ഏജന്റുമാരുടെ പണപ്പിരിവും തടയും, നോക്കുകൂലിയിൽ കൈ പൊള്ളിയ സി.ഐ.ടി.യു ,കൈക്കൂലി നിറുത്തലാക്കി പ്രതിച്ഛായ കൂട്ടാനുള്ള ഒരുക്കത്തിലാണ്.
ആർ.ടി ഓഫീസുകളിലെ ഏജന്റുമാരുടെ അംഗീകൃത സംഘടനയാണ് ആൾ കേരള ആട്ടോ കൺസൾട്ടന്റ്‌സ് വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു). ഈ ഏജന്റുമാരിൽ നിന്ന് ദിവസേന മറ്റൊരു ഏജന്റ് നിശ്ചിത തുക പിരിക്കുകയും ഇത് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകുകയുമാണ് ചെയ്യുന്നത്. 18 ആർ.ടി ഓഫീസുകളിലും 61 ജോയിന്റ് ആർ.ടി ഓഫീസുകളിലും ഈ പിരിവ് തുടരുന്നു.
ഡ്രൈവിംഗ് ടെസ്റ്റും ലൈസൻസും മുതൽ വാഹന വായ്പയുടെ ഹൈപ്പോതിക്കേഷൻ വരെ നൂറ് കണക്കിന് അപേക്ഷകളാണ് ദിവസവും ആർ.ടി ഓഫീസുകളിലെത്തുന്നത്. അപേക്ഷകളുടെ എണ്ണത്തിന് ആനുപാതികമായി ഓരോ ഏജന്റും നിശ്ചിത തുക കളക്ഷൻ ഏജന്റിന് കൈമാറും. ഈ തുകയാണ് ഉദ്യോഗസ്ഥർക്ക് രഹസ്യമായി വീതിക്കുന്നത്. ഇത്തരത്തിൽ ആർ.ടി ഓഫീസുകളിൽ നിത്യേന ഒരു ലക്ഷത്തോളം രൂപയും, ജോയിന്റ് ആർ.ടി ഓഫീസുകളിൽ 40,000 ത്തിൽ കുറയാതെയും കിട്ടാറുണ്ട്.
നേതാവ് കടുപ്പിച്ചു;
എതിർപ്പുകളയഞ്ഞു
ആൾ കേരള ആട്ടോ കൺസൾട്ടന്റ് അസോസിയേഷൻ സി.ഐ.ടി.യുവിൽ ലയിക്കുന്നത് പത്ത് വർഷം മുമ്പാണ്. സംഘടനയിലുള്ള ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകം കൈക്കൂലി നൽകുന്നതായി വിമർശനം ഉയർന്നതോടെ നേതൃത്വവും പ്രതിരോധത്തിലായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥാണ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് സംഘടന മുന്നോട്ട് പോകുന്നത് തുടർന്നാൽ താൻ പ്രസിഡന്റായിരിക്കില്ലെന്ന് അദ്ദേഹം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചു.എതിർപ്പുകൾ ഉയർന്നെങ്കിലും പ്രസിഡന്റ് നിലപാട് കടുപ്പിച്ചതോടെ ഭാരവാഹികൾ വഴങ്ങി. ഗോപിനാഥിന്റെ നിലപാടിനെ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും പിന്തുണച്ചു. ഇന്ന് ചേരുന്ന സി.ഐ.ടി.യു സംസ്ഥാന സമിതിയിൽ വിഷയം അവതരിപ്പിച്ച് അനുമതി വാങ്ങാനാണ് തീരുമാനം.
മാർച്ച് 13, 14 തീയതികളിൽ കണ്ണൂരിൽ.നടക്കുന്ന ആട്ടോ കൺസൾട്ടന്റ് അസോസിയേഷൻ സംസ്ഥാന . സമ്മേളനത്തിൽ 'ഇനി കൈക്കൂലി കൊടുക്കില്ല, കൊടുക്കുന്നവരെ ശക്തമായി എതിർക്കുമെന്ന് ' മുഖ്യ പ്രമേയം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.കെ.എൻ.ഗോപിനാഥും മറ്റ് സംഘടനാ ഭാരവാഹികളും ഇക്കാര്യം വകുപ്പ് മന്ത്രിയെയും ഗതാഗത കമ്മിഷണറെയും ബോദ്ധ്യപ്പെടുത്തി. ഏജന്റുമാർക്ക് പഴയ
പടി ആർ.ടി ഓഫീസുകളിൽ പ്രവർത്തിക്കാനുള്ള സൗകര്യവും സി.ഐ.ടി.യു ഒരുക്കിക്കൊടുക്കും.
പണപ്പിരിവ്
അനുവദിക്കില്ല
ആർ.ടി ഓഫീസുകളിൽ പണപ്പിരിവ് അനുവദിക്കേണ്ടെന്ന തീരുമാനത്തിന് സി.ഐ.ടി.യു നേതൃത്വം സർവ പിന്തുണയും നൽകും. സംസ്ഥാന സമ്മേളനം കഴിഞ്ഞാൽ സംസ്ഥാനത്ത് ഒരിടത്തും പിരിവ് സമ്മതിക്കില്ല. എതിർക്കുന്നവരെ ശക്തമായി പ്രതിരോധിക്കും.
-മധുസൂദനൻ പിള്ള,
സംസ്ഥാന സെക്രട്ടറി
ആൾ കേരള ഓട്ടോ കൺസൾട്ടന്റ് അസോ. (സി.ഐ.ടി.യു)