road
കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പെകുന്ന തെന്മല പഞ്ചായത്തിലെ ഇടമൺ കുന്നുംപുറം ജംഗ്ഷനിൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രം.

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയോരത്ത് റോഡിനോട് ചേർന്ന് അശാസ്ത്രീയമായി പണി കഴിപ്പിച്ച ഇടമൺ കുന്നുംപുറം ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. രണ്ട് വർഷം മുമ്പ് പഞ്ചായത്ത് അധികൃതരാണ് ദേശീയ പാതയോരത്തെ റോഡിനോട് ചേർന്ന് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലം സമീപത്തുണ്ടായിട്ടും പാതയോട് ചേർന്ന് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതിനെതിരെ സമീപവാസികൾ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദേശീയ പാതയിലെ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർ ഭീതിയോടെയാണ് ബസ് കാത്തിരിക്കുന്നത്. പാതയുടെ രണ്ട് ഭാഗങ്ങളിൽ നിന്നും തലങ്ങും വിലങ്ങും പാഞ്ഞ് വരുന്ന വാഹനങ്ങൾ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറുമോയെന്ന ആശങ്കയിലാണ് ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ. ഇവിടെ നിരവധി വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. ഒരു വർഷം മുമ്പ് ഇവിടെയുണ്ടായ വാഹനാപകടത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞിരുന്നു.

റോഡിന്റെ റീ ടാറിംഗ്

ദേശീയ പാതയിലെ കോട്ടവാസലിൽ നിന്ന് രണ്ട് ദിവസം മുമ്പ് റോഡിന്റെ റീ ടാറിംഗ് ആരംഭിച്ചിരുന്നു. ഇത് ഇടമൺ കുന്നുംപുറം ജംഗ്ഷനിൽ എത്തുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നാവും നടക്കുക. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് സമീപവാസികൾ. തെന്മല പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പഞ്ചായത്ത് അധികൃതർ കാത്തിരിപ്പ് കേന്ദ്രം പണിതിട്ടുണ്ടെങ്കിലും കുന്നുപുറം ജംഗ്ഷനിൽ പണികഴിപ്പച്ച കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് റോഡിലേക്ക് ഇറക്കി സ്ഥാപിച്ചത്.

ദേശീയ പാതയോരത്തെ കുന്നുംപുറം ജംഗ്ഷനിൽ പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം ഉടൻ സന്ദർശിക്കും. ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് അപകട ഭീഷണി ഉണ്ടാകുന്ന തരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന് ബോദ്ധ്യപ്പെട്ടാൽ പഞ്ചായത്ത് സെക്രട്ടറിയടക്കമുളളവരുമായി ആലോചിച്ച ശേഷം കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.

(ആർ.ലൈലജ, പ്രസിഡന്റ്, തെന്മല പഞ്ചായത്ത്)​

ആശങ്കയോടെ യാത്രക്കാർ

ദേശീയ പാതയിലെ കുന്നുംപുറം ജംഗ്ഷനിൽ നിന്നാരംഭിച്ച് ലക്ഷം വീട്, പൈപ്പ് ഫാക്ടറി, പാപ്പന്നൂർ വഴി പുനലൂർ ടി..ബി ജംഗ്ഷനിൽ എത്തുന്ന സമാന്തര പാത കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് നിന്നാണ് തിരിഞ്ഞു പോകുന്നത്. ദേശീയ പാതയിൽ നിന്ന് സമാന്തര പാതയിലേക്ക് വാഹനങ്ങൾ തിരിഞ്ഞു പോകുമ്പോഴും, തിരിച്ച് വരുമ്പോഴും കാത്തിരിപ്പ് കേന്ദ്രത്തിൽ തട്ടുമോ എന്ന ആശങ്കയും യാത്രക്കാർക്കുണ്ട്. ദേശീയ പാതയുടെ നവീകരണങ്ങളുടെ ഭാഗമായി പാതയോരത്ത് പുതിയ കോൺക്രീറ്റ് ഓടയുടെ നിർമ്മാണം ആരംഭിച്ചതോടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പകുതിയിൽ അധികം ഭാഗവും ഇപ്പോൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന അവസ്ഥയാണ്.

കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നവർ

ഇടമൺ തുമ്പിക്കുന്നം, ആന്നൂർ, ഇടത്തറപച്ച, ലക്ഷം വീട് കോളനി, കെ.വി.എസ്, പുലരി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ താമക്കാർ