canal
കെ.ഐ.പി സബ് കനാലിൽ മാലിന്യം നിറഞ്ഞ് പത്തനാപുരം നഗരത്തിലൂടെ ജലമൊഴുകുന്നു.

പത്തനാപുരം: കെ.ഐ.പി വലതുകര കനാലിന്റെ ഭാഗമായുള്ള സബ് കനാലുകളിൽ മാലിന്യം നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുകുന്നു. നാലു ദിവസമായി വെള്ളം ഒഴുകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നെടുംപറമ്പ് ഭാഗത്തിനും ആശുപത്രി ജംഗ്ഷനിൽ നിന്നുള്ള കനാൽ റോഡ് ഭാഗത്തിനുമിടയിൽ മാലിന്യം നിറഞ്ഞത് കാരണം കെ.പി റോഡിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ കനാലിൽ നിക്ഷേപിക്കാറുണ്ട്. ഇത് നീക്കം ചെയ്യാതെയാണ് സബ് കനാലുകൾ വഴി ജലവിതരണം ആരംഭിച്ചത്. തുറന്നുവിടുന്ന ജലത്തിന്റെ ഒഴുക്ക് വർദ്ധിച്ചതോടെ ഭൂമിയുടെ അടിയിലൂടെ സ്ഥാപിച്ചിരുന്ന ജലവിതരണക്കുഴലുകളിൽ മാലിന്യം നിറഞ്ഞ് ജലം പുറത്തേക്കൊഴുകുകയാണ്. മുൻവർഷങ്ങളിലും ഇത്തരത്തിൽ ജലവിതരണക്കുഴലുകളിൽ മാലിന്യമടിഞ്ഞ് ജലവിതരണം തടസപ്പെട്ടിരുന്നു. കനാലുകൾ തുറന്നുവിടും മുൻപ് മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.

റോഡ് ചെളിക്കളം

വെള്ളം നിറഞ്ഞ് റോഡ് ചെളിക്കളമായതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസഹമായി. ജലമൊഴുക്ക് വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വേനൽ കടുത്ത് കിണറുകളും ജലാശങ്ങളും വറ്റുന്നതോടെ കാർഷിക-ഗാർഹികാവശ്യങ്ങൾക്കായി ജനങ്ങൾ ആശ്രയിക്കുന്ന കനാലുകളിലൂടെയാണ് ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുന്നത്. ഇതോടെ സബ് കനാൽ കന്നുപോകുന്ന തലവൂർ വിളക്കുടി പഞ്ചായത്തുകളിൽ വേണ്ടത്ര ജലമെത്താത്ത സ്ഥിതിയുമുണ്ട്.