കൊല്ലം: ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുസമൂഹവും അടിമുടി ഉണർന്ന് പ്രവർത്തിച്ചപ്പോൾ ഏഴുവയസുകാരി ദേവനന്ദയെ കണ്ടെത്താൻ നടത്തിയത് സമാനതകളില്ലാത്ത അന്വേഷണം. ദേവനന്ദയെ കാണാതായത് വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ്. വിവരം പുറത്തറിഞ്ഞതോടെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ, ആറ്റിൽ വീണതാകുമോ, മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നുതുടങ്ങി ആശങ്കകൾ പലവിധമായിരുന്നു.
ഇതോടെ അന്വേഷണത്തിന് വേഗതയും കൈവന്നു. തുണി കഴുകിയിട്ട് വീടിനുള്ളിലേക്ക് കടന്നുവന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അമ്മ ധന്യ അറിഞ്ഞത്. നിമിഷനേരംകൊണ്ട് അയൽവീടുകളിൽ അറിയിച്ചു. വിവരം നെടുമ്പന പഞ്ചായത്തംഗം ഉഷയുടെ കാതിലെത്തിയതോടെ കണ്ണനല്ലൂർ പൊലീസിൽ അറിയിച്ചു. പൊലീസും നാട്ടുകാരും ബന്ധുക്കളുമടക്കം വ്യാപക തെരച്ചിൽ തുടങ്ങാൻ അധികസമയം വേണ്ടിവന്നില്ല.
കൊല്ലത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം കുട്ടിയുടെ വീടിന് സമീപമുള്ള പള്ളിമൺ ആറ്റിലും ഇത് എത്തിച്ചേരുന്ന ഇത്തിക്കരയാറ്റിലുമിറങ്ങി. സോഷ്യൽ മീഡിയയിലൂടെ വാർത്ത പരന്നത് മുൻപെങ്ങുമുണ്ടാകാത്ത വിധം പ്രാധാന്യത്തോടെയാണ്. വാർത്തയറിഞ്ഞവരെല്ലാം ഷെയർ ചെയ്തു. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോബോബൻ, അജുവർഗീസ്, നിവിൻ പോളി തുടങ്ങിയവരെല്ലാം സോഷ്യൽ മീഡിയയിലൂടെ കുട്ടിയുവേണ്ടി പ്രാർത്ഥിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചു. മുൻകരുതലുകൾ ഓർമ്മിപ്പിക്കുകയും ചെയ്തു.
ഇടയ്ക്കാരോ കുട്ടിയെ തിരികെ കിട്ടിയ വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് തടയിട്ടു. അത്തരം പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടിയും സ്വീകരിച്ചു. ഡി.ജി.പിയടക്കം കേസിൽ ബന്ധപ്പെട്ടതോടെ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചു.
ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള ടീമിൽ സൈബർ വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരുമടക്കം 50 പേരെ നിയോഗിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സന്ദേശമെത്തി. സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും കവലകളിലുമൊക്കെ പൊലീസ് അരിച്ചുപെറുക്കി. വാഹനങ്ങളും പരിശോധിച്ചു. നൂറിലധികം സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചു. ഇവയിൽ നിന്നാെന്നും തുമ്പുകിട്ടിയില്ല.
പൊലീസ് നായ മണംപിടിച്ച് ആറ്റിന്റെ കര വരെ ചെന്നതോടെ ആറ്റിൽ അകപ്പെട്ടതിന്റെ സംശയം ഇരട്ടിച്ചു. രാത്രിയോടെ ഫയർഫോഴ്സും നാട്ടുകാരും ആറ്റിലെ തെരച്ചിൽ മതിയാക്കിയിരുന്നു. ഇന്നലെ പുലർച്ചെതന്നെ നാട്ടുകാർ രംഗത്തിറങ്ങി. ഒപ്പം പൊലീസിന്റെ മുങ്ങൽ വിദഗ്ദ്ധരുമെത്തി. നാടൊട്ടുക്ക് പരിശോധനകൾ മറുവശത്ത് നടക്കുന്നതിനിടെയാണ് രാവിലെ 7.30ഓടെ കുട്ടിയുടെ മൃതദേഹം ആറ്റിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം ദേവനന്ദയുടേതെന്ന് സ്ഥിരീകരിക്കാൻ അധിക സമയം വേണ്ടിവന്നില്ല.
ഒരു കുട്ടിയുടെ തിരോധാനം വേദനയുളവാക്കിയപ്പോഴും ജനമനസ് ഉണർന്ന് പ്രവർത്തിച്ചതാണ് കഴിഞ്ഞ പകലും രാത്രിയും കണ്ടത്. പൊലീസിന്റെ ജാഗ്രതയും കരുതലും പ്രകടമാവുകയും ചെയ്തു. ജനപ്രതിനിധികളും ജില്ലാ കളക്ടറുമടക്കം രാത്രിയിലും കുട്ടിയുടെ വീട്ടുപരിസരത്തുണ്ടായിരുന്നു. നേരം പുലർന്നപ്പോഴും പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു, എന്നാൽ കാത്തിരിപ്പിന് അധികം നീളമുണ്ടായില്ലെന്ന് മാത്രം.