d
ദേവനന്ദയുടെ വീടിന് 70 മീറ്റർ അകലെയുള്ള ആറ്റിലേക്കുറങ്ങുന്ന കൽപ്പടവ്

1. എങ്ങോട്ട് പോകാനും അമ്മയോട് ചോദിക്കും എന്നിട്ടും?

വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ദേവനന്ദയെന്ന ഒന്നാം ക്ലാസുകാരി നിറയെ വർത്തമാനം പറയുന്ന കൊച്ചുമിടുക്കിയാണ്. വീട്ടിലെ വിശേഷങ്ങൾ അദ്ധ്യാപകരോട് പറഞ്ഞ് അവരുടെ ഇഷ്‌ടം പിടിച്ചു വാങ്ങിയ കുട്ടി. ക്ലാസിൽ അടുത്ത ബെഞ്ചിലേക്ക് മാറി ഇരിക്കണമെങ്കിലും ചോദിക്കും. പുറത്തിറങ്ങാനും ശുചിമുറിയിൽ പോകാനുമെല്ലാം അനുവാദം തേടും. ചേദിക്കാതെ, അനുവാദം വാങ്ങാതെ അവളെങ്ങും പോയിരുന്നില്ലെന്ന് പ്രഥമാദ്ധ്യാപിക ഗീതാകുമാരി പറയുന്നു.

അമ്മയോട് ചോദിക്കാതെ ദേവനന്ദ തങ്ങളുടെ വീട്ടിലേക്ക് വരാറില്ലെന്നാണ് ഇളവൂർ കിഴക്കേക്കരയിലെ അയൽവീട്ടുകാരുടെയും അഭിപ്രായം. അനുവാദം തേടാതെ പുറത്തിറങ്ങാത്ത, വീടിന്റെ വാതിൽ തുറക്കാത്ത ദേവനന്ദ ആരോടും ചോദിക്കാതെ ഇത്തിക്കരയാറിന്റെ ആഴങ്ങളിലേക്ക് പോയെന്ന കാര്യം അവളെ അറിയാവുന്നവർക്ക് വിശ്വസിക്കാനാകുന്നില്ല.

2. പൊലീസ് നായ പാഞ്ഞതും കുഞ്ഞിന്റെ മരണ വഴിയിലേക്കോ?

പൊലീസിന്റെ ട്രാക്കർ ഡോഗ് റീന മണം പിടിച്ച് പാഞ്ഞത് ദേവനന്ദയുടെ മരണവഴികളിലൂടെ ആയിരുന്നോയെന്ന സംശയം നാട്ടുകാരിൽ വിട്ടുമാറുന്നില്ല. ബുധനാഴ്‌ച സ്‌കൂൾ വാർഷികാഘോഷത്തിൽ സംഘനൃത്തം കളിക്കുമ്പോൾ അണിഞ്ഞ വസ്ത്രം മണപ്പിച്ച റീന ആദ്യം ഓടിയത് വീടിന് പിന്നിലേക്ക്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക്. ആൾതാമസമില്ലാത്തതിനാൽ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നിൽ നിലയുറപ്പിച്ചു. ഗേറ്റ് തുറന്നാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക്. അവിടെ നിന്ന് മാറാൻ കൂട്ടാക്കാതെ നിന്ന റീനയ്‌ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാൻ നൽകി. സമീപത്തെ ക്ഷേത്രത്തിൽ സപ്‌താഹം നടക്കുന്നതിനാൽ അവിടേക്ക് പോകാൻ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിൽ. പൊലീസ് നായയുടെ യാത്രയിൽ സംശയിക്കാനില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

3. പേടിപ്പിക്കുന്ന വഴിയാണ്, അങ്ങനെ പോകാറില്ല. അവിടെ കുഞ്ഞ് എങ്ങനെ?

അമ്പലത്തിൽ പോകാനാണ് അതിലേ പോയത്. പേടിയാകും നടക്കുമ്പോൾ. ചുറ്റിനും ആരുമില്ലല്ലോ.? ദേവനന്ദയെ കാണാതാകുന്നതിന് മിനിട്ടുകൾക്ക് മുമ്പ് ആറിന് സമാന്തരമായുള്ള വഴിയേ പോയ വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്. ആറിന് മറുകരയിലെ അമ്പലത്തിലെ ചടങ്ങുകൾ നടക്കുന്നതിനാൽ വഴി ഇപ്പോൾ സജീവമാണെങ്കിലും പൊതുവെ ഭയപ്പെടുത്തുന്നിടമാണ്. ഒരു വശത്ത് റബർ തോട്ടവും മറു വശത്ത് കരയിടിഞ്ഞ് തുടങ്ങിയ ആറും. മുതിർന്നവർ പോലും ഭയക്കുന്ന വഴിയിലൂടെ കുഞ്ഞ് തനിച്ച് പോയെന്ന് ഉൾക്കൊള്ളാൻ ആകുന്നില്ല പലർക്കും.

4. ദേവനന്ദ ആറ്റിലേക്ക് വീണതാണെങ്കിൽ, അതെവിടെവച്ച്?

വീടിന് 350 മീറ്റർ അകലെ ആറിലെ വള്ളികളിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് 70 മീറ്റർ അകലെ ആറ്റിലേക്ക് ഇറങ്ങാൻ പടവുകളുണ്ട്. പൊതുവെ ആറ് കാണാൻ കുട്ടി വലിയ താൽപ്പര്യം കാണിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് നിഗമനമെങ്കിൽ കുഞ്ഞ് എങ്ങനെ ആറ്റിൽ വീണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്.

5. ആറിന്റെ അടിത്തട്ടുവരെ വ്യാഴാഴ്‌ച മുങ്ങിതപ്പി. അപ്പോഴെന്തേ കണ്ടില്ല?

കുഞ്ഞിനെ കാണാതായെന്ന വാർത്ത വന്ന് ഏറെ വൈകാതെ ഫയർഫോഴ്സും പ്രദേശത്തെ മണൽ തൊഴിലാളികളായ മുങ്ങൽ വിദഗ്ദ്ധരും ആറ്റിലിറങ്ങി തെരച്ചിൽ തുടങ്ങി. ആറര അടിയിലേറെ വെള്ളമുള്ള ആറിന്റെ അടിത്തട്ട് വരെ വ്യാഴാഴ്ച രാത്രി വരെ തപ്പിയിട്ടും ദേവനന്ദ മറഞ്ഞിരുന്നത് എവിടെയെന്ന സംശയം ബാക്കിയാകുന്നു. അതിനുകൂടി വ്യക്തത വന്നെങ്കിലേ സംശയങ്ങൾ പൂർണമായി മാറുകയുള്ളൂ.

6.ബലപ്രയോഗത്തിവന്റെ പാടുകൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടോ?

ബലപ്രയോഗത്തിന്റെ പാടുകൾ കുഞ്ഞിന്റെ ശരീരത്തിൽ ഇല്ലെന്നാണ് ഇൻക്വസ്റ്റിന്റെ പ്രാഥമിക റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങളും ഇത് ശരിവയ്ക്കുകയാണ്. മുങ്ങി മരണമെന്നാണ് പൊതുവിലയിരുത്തൽ.

7. പൊലീസ് അന്വേഷണം എന്തായി?

കുഞ്ഞിനെ കണ്ടെത്താൻ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ രാവിലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് മുതൽ കാരണം തേടുന്ന ജനങ്ങൾ കാത്തിരിക്കുന്നത് ഇവരുടെ മറുപടിയാണ്. അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുകയാണ്.