കൊല്ലം: യൂണിഫോമിട്ട് കുണുങ്ങിച്ചിരിച്ച് വരാറുള്ള ദേവനന്ദയെ ഇന്നലെ വെള്ള പുതപ്പിച്ച് വിദ്യാലയാങ്കണത്തിലേക്ക് എത്തിച്ചപ്പോൾ അദ്ധ്യാപകരും കുഞ്ഞുകൂട്ടുകാരും തോരാക്കണ്ണീരുമായി നിലവിളിച്ചുപോയി. മരണവാർത്തയറിഞ്ഞത് മുതൽ മനസിലടക്കിയ സങ്കടമാണ് അണപൊട്ടി കൂട്ടക്കരച്ചിലിൽ മുങ്ങിത്താണത്.
ഇളവൂരിലെ കുടുംബ വീട്ടിൽ നിന്നാണ് ദേവനന്ദയെ വാക്കനാട് സരസ്വതി വിദ്യാനികേതനിൽ എത്തിച്ചത്. സ്കൂളിൽ എല്ലാവർക്കും ഇഷ്ടക്കാരിയായിരുന്നു കിലുക്കാംപെട്ടിയായിരുന്ന ദേവനന്ദ. പാട്ടും ഡാൻസും കൊച്ചുവർത്തമാനവുമൊക്കെയായി അവൾ സ്കൂളിൽ നിറഞ്ഞുനിന്നിരുന്നു. എൽ.കെ.ജി, യു.കെ.ജി ക്ളാസുകളിലും ഇവിടെ തന്നെയായിരുന്നതിനാൽ ഒന്നാം ക്ളാസുകാരിയുടെ പരിഭവമില്ലാതെയാണ് അദ്ധ്യയന വർഷാരംഭം എത്തിയത്.
ആറുമാസം മുൻപ് അനുജനുണ്ടായ നാൾ മുതൽ ക്ളാസിൽ അനുജന്റെ വിശേഷങ്ങളാണ് അവൾ ഏറെയും പങ്കുവച്ചിരുന്നത്. സ്കൂൾ വാർഷികാഘോഷത്തിൽ ബുധനാഴ്ച മിന്നും താരമായി നിറഞ്ഞുനിൽക്കുകയും ചെയ്തു. ഡാൻസിലും പ്രച്ഛന്ന വേഷത്തിലുമൊക്കെ അവൾ പങ്കെടുത്തു. കൃഷ്ണവേഷം കെട്ടിയാണ് വേദിയിലാടിയത്. എന്നാൽ കളിചിരിയോടെ സ്കൂൾ നിന്ന് പോയ അവൾ തിരികെയെത്തിയത് ചേതനയറ്റ ശരീരമായിട്ടായിരുന്നു.
വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ബന്ധുക്കളുമടക്കം വൻ ജനാവലിയാണ് സ്കൂൾ വളപ്പിൽ കാത്തുനിന്നിരുന്നത്. ഓരോ പുഷ്പങ്ങളർപ്പിക്കുമ്പോഴും അവരുടെയെല്ലാം ഉള്ളിലെ തേങ്ങലുകളും പുറത്തേക്ക് വന്നു. ഓടനാവട്ടത്ത് നിന്ന് ഇളവൂരിലെ കുടുംബവീട്ടിലേക്ക് താമസത്തിനെത്തിയപ്പോഴും ദേവനന്ദ നാട്ടുകാരുടെ പ്രിയപ്പെട്ടവളായി മാറിയിരുന്നു. വഴിയാത്രക്കാരോടൊക്കെ വിശേഷങ്ങൾ ചോദിക്കാറുണ്ട്.