ഓയൂർ: വാപ്പാലയ്ക്കും കോണത്ത് മുക്കിനുമിടയിലും പുരമ്പിലിനും വാളിയോടിനുമിടയിലും നടുറോഡിൽ ഹോട്ടലുകളിൽ നിന്നുള്ള പച്ചക്കറി മാലിന്യവും അഴുകിയ മത്സ്യവും തള്ളുന്നത് പതിവാകുന്നു . രാത്രി 12 മണിക്ക് ശേഷമാണ് മാലിന്യനിക്ഷേപം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി
വാപ്പാലയ്ക്കും കോണത്ത് മുക്കിനുമിടയിൽ ഹോട്ടൽ മാലിന്യവും പുരമ്പിൽ പാലത്തിന് സമീപം അഴുകിയ മത്സ്യവുമാണ് നിക്ഷേപിച്ചത്. വാപ്പാല മുതൽ വാളിയോട് പോസ്റ്റോഫീസ് ജംഗ്ഷൻ വരെ തെരുവ് വിളക്കുകൾ കത്താത്തതിനാലാണ് മാലിന്യ നിക്ഷേപകരെ തിരിച്ചറിയാൻ കഴിയാത്തത്. തെരുവ് വിളക്ക് കത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ജനപ്രതിനിനികൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്ഥിരം മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങളിൽ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.