ശാസ്താംകോട്ട: ബാലാവകാശ സംരക്ഷണ സമിതികളുടെ പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്ത് ഭരണ കൂടങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി.ജെ. ആന്റണി പറഞ്ഞു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ "കുഞ്ഞിക്കുമ്പിൾ " പദ്ധതിയുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 73,74 ഭരണഘടനാ ഭേദഗതി അനുസരിച്ച് തദ്ദേശ ഭരണ കൂടങ്ങൾ പ്രാദേശിക സർക്കാരുകളാണ്. കുട്ടികളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സ്റ്റേറ്റ് സംവിധാനം പഞ്ചായത്തുകളാണ്. ആ പഞ്ചായത്തുകൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണം. അങ്കണവാടികൾ പരിസ്ഥിതി സൗഹൃദമാക്കുക, കുട്ടികളിൽ ശൈശവ കാലം മുതൽ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിനിയോഗവും ശീലിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ എല്ലാ കുട്ടികൾക്കും സ്റ്റീൽ ഗ്ലാസുകളുടെ വിതരണം നടത്തിയത്. പരിസ്ഥിതി പ്രവർത്തകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ എൽ. സുഗതനാണ് പദ്ധതി നടപ്പാക്കിയത്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സുമ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ ലത്തീഫ്, മുബീന ടീച്ചർ, എസ്. ശിവൻപിള്ള, എം. വി. താരാഭായി, ടി. അനില, ആർ. രാജിവ്, നേച്ചർ പ്ലസ് കേരള സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി, പി. സോമരാജൻ നായർ, ശൂരനാട് രാധാകൃഷ്ണൻ, ശാസ്താംകോട്ട ജെ.സി.ഐ പ്രസിഡന്റ് എം.സി. മധു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ ഇരുപത്തിനാല് അങ്കണവാടികൾക്ക് വേണ്ടി സ്റ്റീൽ ഗ്ലാസുകൾ ഏറ്റുവാങ്ങിയ അങ്കണവാടി റ്റീച്ചർ സുഷമ നന്ദി പറഞ്ഞു.