photo
പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാല

പാരിപ്പള്ളി: വായ്ക്കുരവയുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ പതിനായിരങ്ങൾ കൊടിമൂട്ടിലമ്മയ്ക്ക് ഇന്നലെ പൊങ്കാല സമർപ്പിച്ചു. രാവിലെ ക്ഷേത്ര മേൽശാന്തി കേശവൻ നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമായി. ക്ഷേത്രവും പരിസരവും രാവിലെ തന്നെ ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. 11.30ന് തീർത്ഥം തളിച്ചതോടെ ചടങ്ങുകൾ സമാപിച്ചു.

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യസഹായം ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ മുകേഷ്‌കുമാർ, വിനോദ്, അംജിത്ത്, ഷൈജു പുത്രൻ എന്നിവരുടെ നേതൃത്വത്തിൽ വർക്കല ഫയർഫോഴ്‌സും പാരിപ്പള്ളി സി.ഐ രാജേഷ്‌കുമാർ, എസ്‌.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ഭക്തർക്ക് വിതരണം ചെയ്ത കുടിവെള്ളവും ഭക്ഷണവും പരിശോധിക്കാൻ പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരും നേതൃത്വം നൽകി.