തൊടിയൂർ: തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കൊരുങ്ങുന്ന കല്ലേലിഭാഗം താച്ചെ തെക്കതിൽ ബീന യ്ക്ക് (27) സഹായഹസ്തവുമായി സുമനസുകൾ രംഗത്ത്. രണ്ടു കുരുന്നു പെൺകുട്ടികളുടെ മാതാവായ ബീനയുടെ ദയനീയ സ്ഥിതിയെക്കുറിച്ച് നേരത്തേ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ ഒട്ടേറെ സംഘടനകളും വ്യക്തികളും സഹായവുമായി എത്തുച്ചേർന്നു. ഏപ്രിൽ ആദ്യവാരത്തിൽ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ശസ്ത്രക്രിയ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനാവശ്യമായ പണം കണ്ടെത്താൻ ബീന സുമനസുകളുടെ സഹായം തേടുകയാണ്. കല്ലേലിഭാഗം പ്രഗതി റസിഡന്റ്സ് അസോസിയേഷന്റെ സംഭാവനയായ 25,000 രൂപ അസോസിയേഷൻ രക്ഷാധികാരി കൂടിയായ ആർ. രാമചന്ദ്രൻ എം.എൽ.എ കഴിഞ്ഞ ദിവസം ബീനയ്ക്ക് കൈമാറി. തൊടിയൂർ പഞ്ചായത്ത് 21-ാം വാർഡ് കുടുംബശ്രീ സമാഹാരിച്ച 21,500 രൂപ വാർഡ് മെമ്പർ കെ. ഓമനക്കുട്ടനും, ബീനാ സുനിൽ കുമാറും ചേർന്ന് ബീനയ്ക്ക് നൽകി. വടക്കുംതല മുളയ്ക്കൽ യു.പി.എസ് സമാഹരിച്ച 25,000 രൂപ സ്കൂൾ മാനേജർ സിബി, പി.ടി.എ പ്രസിഡന്റ് നിസാർ, ഹെഡ്മിസ്ട്രസ് തങ്കമണി, അദ്ധ്യാപകരായ അനി, യാരിയാത്ത് എന്നിവർ ബീനയുടെ വാടകവീട്ടിലെത്തി കൈമാറി.
താച്ചേക്കടവിൽ ദിലീപ് അരവിന്ദാക്ഷനും റഷ്യയിലെ സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച 15,000 രൂപയും ബീനയ്ക്ക് നൽകി. ബീനാചികിത്സ സഹായ സമിതി ഭാരവാഹികളായ സുഭാഷ് ദേവനന്ദനം, ആർ. ബിനു, ഷാഹിന തുടങ്ങിയവർ പങ്കെടുത്തു.