പുത്തൂർ : കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി കൗശൽ യോജന പദ്ധതി പ്രകാരമുള്ള തൊഴിൽ നൈപുണ്യ വികസന കേന്ദ്രം പുത്തൂരിൽ പ്രവർത്തനം ആരംഭിച്ചു. പുത്തൂർ മണ്ഡപം ജംഗ്ഷനിലെ സെന്റ് ഗ്രിഗോറിയോസ് കൊമേഴ്‌സ്യൽ കോംപ്ലക്‌സിൽ ആരംഭിച്ച പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി - യൂണീക് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോഴ്‌സുകൾ നടത്തുന്നത്. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് വയക്കൽ സോമൻ, വാർഡംഗങ്ങളായ ഓമന സുധാകരൻ, ആർദ്ര, ബി.ജെ.പി നെടുവത്തൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശിവരാമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര മേഖലാ ജനറൽ സെക്രട്ടറി ഡി. മാമച്ചൻ, കല്ലുമ്പുറം വസന്തകുമാർ, പുത്തൂരിലെ പ്രധാനമന്ത്രി കൗശൽ കേന്ദ്രം മാനേജർ അരുൺ സി. പയസ്, നസിം അലി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.