bank
കോർപ്പറേഷൻ ബാങ്കിന്റെ പാസ് ബുക്ക് തൃക്കരുവ കോർപ്പറേഷൻ ബാങ്ക് മാനേജർ ഡി.എസ്.സജു ഭാഗീരഥിഅമ്മയ്‌ക്ക് നൽകുന്നു

കൊല്ലം: നാലാം ക്ലാസ് തുല്യതാ പരീക്ഷ 105-ാം വയസിൽ വിജയിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ പ്രാക്കുളം സ്വദേശി ഭാഗീരഥിഅമ്മയ്‌ക്ക് ഉടൻ ആധാർ ലഭിക്കും. ആധാർ കാർഡ് ഇല്ലാത്തതിനാൽ വാർദ്ധക്യ പെൻഷൻ നിഷേധിച്ചിരുന്നു. ബാങ്ക് ഒഫ് ഇന്ത്യ നീറമൺകര ബ്രാഞ്ച് അധികൃതരാണ് ആധാർ എടുക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടത്.

പ്രധാനമന്ത്രിയുടെ പ്രശംസ നൽകിയ സന്തോഷത്തിനിടയിലും പെൻഷൻ ലഭിക്കാത്തതിൽ ഭാഗീരഥിഅമ്മയ്‌ക്കുള്ള സങ്കടം ചർച്ചയായിരുന്നു. ആധാർ എടുക്കാൻ അക്ഷയ കേന്ദ്രങ്ങളിൽ പല തവണ ശ്രമിച്ചെങ്കിലും കൈമുദ്ര പതിയാത്തതിനാൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രശ്നം മനസിലാക്കിയ ബാങ്ക് ഒഫ് ഇന്ത്യ നീറമൺകര ബ്രാഞ്ച്,​ ആധാർ എടുത്ത് നൽകാൻ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ)

അനുമതി തേടി. തുടർന്ന്‌ ബാങ്കിന്റെ സീനിയർ ബ്രാഞ്ച് മാനേജർ പ്രശാന്തിന്റെ നേതൃത്വത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ പ്രാക്കുളത്തെ വീട്ടിലെത്തി ആധാറിനായി ചിത്രമെടുക്കുകയും കൈമുദ്ര പതിപ്പിക്കുകയും ചെയ്തു. യു.ഐ.ഡി.എ.ഐ ബംഗളൂരു റീജിയണൽ ഓഫീസിന്റെ ഓൺലൈൻ സഹായത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. അഞ്ച് ദിവസത്തിനുള്ളിൽ ആധാർ കാർഡ് വീട്ടിലെത്തി കൈമാറുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

അക്കൗണ്ട് തുടങ്ങി

കോർപറേഷൻ ബാങ്കിന്റെ തൃക്കരുവ ശാഖയിലെ ജീവനക്കാർ ഭാഗീരഥിഅമ്മയുടെ വീട്ടിലെത്തി അമ്മയുടെ ആദ്യ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങി. പാസ് ബുക്കും കൈമാറി.

''ആധാർ നമ്പർ ലഭിക്കുന്ന ദിവസം തന്നെ ഭാഗീരഥിഅമ്മയുടെ വാർദ്ധക്യ പെൻഷൻ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും.

-കെ.ചന്ദ്രശേഖരൻ പിള്ള

തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ്