cultural
ശ്രീനാരായണ ഗുരുദേവ സാംസ്കാരിക സമുച്ചയത്തിന്റെ രൂപരേഖ

 സി.പി.എം ജില്ലാ സെക്രട്ടറിക്ക് എം. മുകേഷ് എം.എൽ.എയുടെ കത്ത്

അഞ്ചാലുംമൂട്: ആശ്രാമത്ത് 45 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടയിടാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആരോപണം. എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ സമുച്ചയതിനെതിരെ പ്രവർത്തിക്കുന്നതിന് പിന്നിൽ എൽ.ഡി.എഫ് ജനപ്രതിനിധികളും ഉൾപ്പെടുന്നുണ്ടെന്നാണ് ആരോപണം. വ്യക്തിതാത്പര്യങ്ങൾ മാത്രം മുൻനിർത്തി എതിർപ്പ് പ്രകടിപ്പിക്കുന്നവർ ഇടത് പ്രവർത്തകരാണെന്നും പദ്ധതി അട്ടിമറിക്കുന്നതിനായി അവർ നടത്തുന്ന ശ്രമങ്ങൾക്ക് തടയിടാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് എം. മുകേഷ് എം.എൽ.എ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയതായി സൂചനയുണ്ട്.

 എതിർപ്പിന് കാരണമെന്ത് ?

ഇത്തരത്തിൽ ഒരു സാംസ്കാരിക കേന്ദ്രം കൊല്ലത്തിന് ആവശ്യമില്ലെന്ന നിലപാടാണ് എതിർക്കുന്നവർക്കുള്ളത്. എൽ.ഡി.എഫിലെയും പ്രത്യേകിച്ച് സി.പി.എമ്മിലെയും രഹസ്യമായ ഗ്രൂപ്പ് കളിയുടെ ഭാഗം മാത്രമാണ് എതിർപ്പിന് കാരണമെന്നും ആരോപണമുണ്ട്. പാർട്ടി അംഗം അല്ലാത്ത മുകേഷ് എം.എൽ.എ കേന്ദ്രം നിർമ്മാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിൽ പലർക്കും അമർഷമുണ്ടെന്നും പറയപ്പെടുന്നുണ്ട്.

ആശ്രാമം പരിസ്ഥിതി സംരക്ഷിത പ്രദേശമാണെന്നും ഇവിടെ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് അനുചിതമാണെന്നുമാണ് ചിലരുടെ പക്ഷം. എന്നാൽ തൊട്ടടുത്ത് കായലിലൂടെ കോൺക്രീറ്റ് പില്ലറുകൾ താഴ്ത്തി പാലം നിർമ്മിക്കുന്നതിൽ ഈ പരിസ്ഥിതി സ്നേഹികൾക്ക് എതിർപ്പില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം കേരളത്തിലെ നവോത്ഥാന നായകരുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനത്തുള്ള ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിനെതിരെ ചിലർ മുന്നിട്ട് വന്നത് മറ്റുചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണെന്ന ആരോപണം ശക്തമാണ്.

 ശ്രീനാരായണ ഗുരുദേവ സാംസ്കാരിക സമുച്ചയം പദ്ധതി

 നിർമ്മാണം ആരംഭിച്ചത് 2019 ഫെബ്രുവരിയിൽ

 കിഫ്ബിയിൽ നിന്ന് 50 കോടി രൂപ

 നിർമ്മാണ കമ്പനിയുമായുള്ള കരാർ 45.099 കോടി രൂപ

എല്ലാ ജില്ലകളിലും സാംസ്കാരിക നവോത്ഥാന നായകരുടെ പേരിൽ സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലത്ത് കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2016 -17 ലെ ബഡ്ജറ്റിലാണ് സമുച്ചയത്തിന്റെ നിർമ്മാണത്തിന് കിഫ്ബിയിൽ നിന്ന് 50 കോടി രൂപ അനുവദിച്ചത്.

2018 ഏപ്രിൽ 30ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്തിന് കിഴക്ക് ഭാഗത്തായി 3.82 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി സമുച്ചയ നിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു. 45.099 കോടി രൂപയ്ക്ക് മുംബൈയ് ആസ്ഥാനമായ റേ കൺസ്ട്രക്ഷൻ എന്ന കമ്പനി നിർമ്മാണ പ്രവൃത്തികൾക്ക് കരാർ ഏറ്റെടുക്കുകയും 2019 ഫെബ്രുവരി 21ന് നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

 സൗകര്യങ്ങൾ ഇപ്രകാരം

 നിർമ്മാണം 3.82 ഏക്കർ സ്ഥലത്ത്

 91,000 ചതുരശ്ര അടി വിസ്തീർണം

 പ്രവേശന മേഖല

 സ്മാരക ഹാൾ,

ലൈബ്രറി

നിർവഹണ ഹാൾ

കരകൗശല മ്യൂസിയം

കോൺഫറൻസ് ഹാൾ

 എക്സിബിഷൻ ബ്ലോക്ക്

പ്രദർശന ഹാൾ

ആർട്ട് ഗാലറി

നാടക പരിശീലന കളരി

ബ്ളാക്ക് ബോക്സ് തീയറ്റർ

 പെർഫോമൻസ് ബ്ലോക്ക്

ഓഡിറ്റോറിയം

എ.വി തീയറ്റർ

സെമിനാർ ഹാൾ

റിഹേഴ്‌സൽ ഹാൾ

900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം