c
സി.കെ. ചന്ദ്രപ്പൻ

'ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ

കൊല്ലംകാരൻ പറഞ്ഞുതുടങ്ങട്ടെ, കൊല്ലത്തെ സി.പി.ഐ സഖാക്കളാണ് ഈ ആഴ്ച കൊല്ലംകാരനെ ആകർഷിച്ചത്. സഖാക്കൾ ഒന്ന് നന്നായി ചിന്തിക്കട്ടേയെന്ന് കരുതിയാണ് അനിൽ പനച്ചൂരാന്റെ വരികൾ കടം കൊണ്ടത്. പല സഖാക്കളുടെയും മൊബൈൽ റിംഗ്ടോണും പനച്ചൂരാന്റെ ഓർമ്മപ്പെടുത്തലുകളാണ്.

ലൈബ്രറി കൗൺസിലിലേയ്ക്ക് പാർട്ടി പ്രതിനിധികളെ നിശ്ചയിക്കാൻ കൊട്ടാരക്കരയിൽ ചേർന്ന യോഗത്തിൽ പാർട്ടി സഖാക്കൾ തമ്മിലടിച്ചത് കൊച്ചു സഖാക്കളെ ഒത്തിരി വേദനിപ്പിച്ചു. അധികാര കസേര വിടില്ലെന്ന വാശിയെ തകർക്കാനെത്തിയ സഖാക്കൾ മുണ്ടും മടക്കി മുഷ്ടിചുരുട്ടിയപ്പോൾ പാവം ചന്ദ്രപ്പനെയും വെളിയം ഭാർഗവനെയുമൊക്കെ കൊല്ലംകാരൻ ഓർത്തുപോയി.

ലൈബ്രറി കൗൺസിലിന്റെ നിലവിലെ സെക്രട്ടറിയാണ് ഡി.സുകേശൻ. ഇദ്ദേഹത്തെ മാറ്റി വേറെയാളെ വയ്ക്കണമെന്ന ഗ്രൂപ്പ് തിരിഞ്ഞുള്ള കടുത്ത ഭിന്നതയാണ് കൈയാങ്കളിയോളം കാര്യങ്ങൾ എത്തിച്ചത്. മുൻമന്ത്രി ശ്രീനിവാസന്റെ മകൻ പി.എസ്.സുപാൽ അസി. സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ പോലും തയ്യാറെടുത്തപ്പോൾ കാര്യങ്ങൾ എത്രത്തോളം രൂക്ഷമാണെന്ന് വെളിപ്പെട്ടു.
സി.പി.ഐയിലെ പിണറായിയെന്നാണ് കാനം രാജേന്ദ്രനെ ഒരു വിഭാഗം വിളിക്കുന്നത്. ഇപ്പോൾ ജില്ലാ സെക്രട്ടറിയുടെചുമതലയുള്ള മുല്ലയ്ക്കരയ്ക്ക് തന്നെ പുള്ളിക്കാരൻ പണി കൊടുത്തത്രെ. മുൻ കൃഷി മന്ത്രിയായി പേരെടുത്ത മുല്ലക്കരയെയും ഭക്ഷ്യമന്ത്രിയായി പരിശോഭിച്ച സി.ദിവാകരനെയും വെട്ടി കാനം ഇഷ്ടക്കാരെ മന്ത്രിയാക്കിയെന്ന് പറഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവില്ല. മുല്ലക്കര ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നെ രക്തസാക്ഷി സഖാക്കളെ ഓർത്ത് ക്ഷമിച്ചു. എങ്കിലും മുല്ലക്കരയിപ്പോൾ കാനം പക്ഷത്താണെന്നാണ് ദോഷൈകദൃക്കുകൾ പറയുന്നത്. ഈ പക്ഷത്തിന് വിരുദ്ധ ചേരിയാണ് സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു നയിക്കുന്ന മറുപക്ഷം. കാനം സംസ്ഥാന തലത്തിൽ പ്രകാശ് ബാബുവിനെ പലതരത്തിൽ കടുംവെട്ട് വെട്ടുമ്പോൾ പ്രകാശ് ബാബു സ്വന്തം ജില്ലയിൽ ചില നിരത്തിവെട്ടലുകൾക്ക് നേതൃത്വം നൽകുന്നതാണ് കൊട്ടാരക്കരയിൽ കണ്ടത്. പണ്ട് സി.എം.പിയിൽ പോയി മടങ്ങിവന്ന ആർ.രാജേന്ദ്രനെ സെക്രട്ടറിയാക്കാൻ നടത്തിയ ശ്രമങ്ങളും വഴിമുട്ടിയതോടെ ഗ്രൂപ്പുകൾക്കുള്ളിൽ വീറും വാശിയും അധികമായിട്ടുണ്ടെന്നതിന്റെ തെളിവും കൊട്ടാരക്കര വെളിപ്പെടുത്തി.
ഡി.സുകേശൻ പത്ത് പതിനഞ്ച് കൊല്ലമായി ലൈബ്രറി കൗൺസിൽ സെക്രട്ടറിയുടെ കസേരയിൽ അടയിരിക്കുന്നുവത്രെ.. വീണ്ടും അവിടെ തന്നെ ഇരുത്തണമെന്ന് കാനം പക്ഷത്തിന് വല്ലാത്ത വാശിയത്രേ. സഖാവേ അത് ശരിയാണോ. ഒന്നു മാറിക്കൊടുത്തുകൂടെ എന്നാണ് താഴേ തട്ടിലുള്ള സി.പി.ഐക്കാരുടെ ചോദ്യം. മന്ത്രി സ്ഥാനത്തുനിന്ന് മുല്ലക്കരയും സി.ദിവാകരനും മാറിനിന്നത് മാതൃകയാക്കിക്കൂടെ. കൊല്ലത്തുമാത്രമല്ലേ സി.പി.ഐയ്ക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സ്ഥാനമുള്ളു. സഖാവ് സുകേശൻ ഒന്ന് മാറിയിരുന്നെങ്കിൽ ആദർശമുള്ള പാർട്ടിയെന്ന് യുവ സഖാക്കളും കൊല്ലംകാരനോട് രഹസ്യം ചൊല്ലിയേനെ. എന്നാഷ മണലിൽ നാരായണപിള്ള ജീവിതാവസാനം വരെ ലൈബ്രറി കൗൺസിൽ നയിച്ചത് എടുത്തുപറയാനും കാനം പക്ഷക്കാർ മറക്കുന്നില്ല.


കൊല്ലത്ത് അവസാനം നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനം. സാധാരണക്കാരന്റെ ഭാഷ വശമുള്ള സി.കെ.ചന്ദ്രപ്പനായിരുന്നല്ലോ അന്ന് സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടും പുള്ളിക്കാരൻ 20 ലക്ഷത്തിന്റെ വണ്ടിയിലൊന്നുമല്ല സഞ്ചരിച്ചിരുന്നത്. സ്വന്തമായി ഒരു ബൈക്ക് പോലും ഉണ്ടായിരുന്നില്ല. രോഗാതുരനായി ആശുപത്രിയിൽ കിടക്കുമ്പോഴും മനസ് കൊല്ലത്തായിരുന്നു. സഹികെട്ട് ചന്ദ്രപ്പൻ സഖാവ് ഭാര്യ ബുലുവിനെയും കൂട്ടി ദിവസങ്ങൾക്ക് മുൻപേ കൊല്ലത്തെത്തി. താമസം പഞ്ചനക്ഷത്ര ഹോട്ടലിലല്ല,​ ഒരു പാർട്ടി സുഹൃത്തിന്റെ രണ്ടുമുറിയുള്ള ആശ്രാമത്തിനടുത്തെ വീട്ടിൽ. നട്ടെല്ലിൽ വേദന പുളഞ്ഞതും ബുലുറോയി ചൗധരിയുടെ കണ്ണുകൾ നനഞ്ഞതും ചന്ദ്രപ്പൻ കണ്ടില്ല. അല്ല കണ്ടില്ലെന്ന് നടിച്ചു. ആയിരങ്ങൾ ജീവൻ കൊടുത്ത് വളർത്തിയ പാർട്ടിയെ പുത്തൻ മാനങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്താനായിരുന്നു അപ്പോഴും ചന്ദ്രപ്പൻ സ്വപ്നം കണ്ടത്.
ഇതേസമയം തന്നെയായിരുന്നു തലസ്ഥാനത്ത് സി.പി.എം സംസ്ഥാന സമ്മേളനം. അതിലെ ആർഭാടത്തെ 'ഈവന്റ് മാനേജ്‌മെന്റ് 'എന്ന് ചന്ദ്രപ്പൻ പറഞ്ഞത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. വല്യേട്ടൻ പാർട്ടി നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും ചന്ദ്രപ്പന്റെ വാക്കുകൾ ഒരു സിംഹഗർജ്ജനമായി കേരളം കേട്ടു. കസേരകളിൽ കയറിയിരിക്കാൻ കൊതിക്കാത്ത ചന്ദ്രപ്പന് പിന്നിൽ പ്രകാശ് ബാബുവും പന്ന്യനും സി.ദിവാകരനും മുല്ലക്കരയും കെ.പി.രാജേന്ദ്രനും കാനവുമെല്ലാം പല പല സംഭവങ്ങൾ എടുത്തു കാട്ടിയാണ് വിമർശന ശരങ്ങളെ തടുത്തത്. സെക്രട്ടറിയായി പന്ന്യൻ വീണ്ടും ഉയർത്തപ്പെട്ടു. അധികം വൈകാതെ മരണത്തോട് തോറ്റുപോയ സഖാവ് സമ്മേളനം നടന്ന കൊല്ലത്തുകൂടി തന്നെയാണ് ആലപ്പുഴയ്ക്ക് മടങ്ങിയത്.

വിലാപയാത്ര പോയ വഴികളിൽ നെഞ്ചുപൊട്ടി സഖാക്കൾ കരഞ്ഞുനിന്നു. ഒരുനോക്ക് കാണാൻ. അധികാര കസേരകളിൽ നിന്ന് മാറി സാധാരണക്കാരന്റെ മനസിലെ കസേരയിലായിരുന്നു ചന്ദ്രപ്പനും വെളിയവും പിന്നെ ഒരുപിടി സഖാക്കളും സ്ഥാനം പിടിച്ചതെന്ന് കൊല്ലംകാരൻ പറഞ്ഞുതരേണ്ടതില്ലല്ലോ?​ ലാൽ സലാം സഖാക്കളെ,​ ലാൽ സലാം.